ബുലന്ദ്ഷഹർ: കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന ആക്രമണത്തിൽ പ്രതികളായ ഏഴ് പേരെ ഹൈക്കോടതി ഉത്തരവിന് ശേഷം ശനിയാഴ്ച ജാമ്യത്തിൽ വിട്ടു. ബിജെപി, യുവമോർച്ച പ്രവർത്തകരായ ശിഖർ അഗർവാൾ, ജീട്ടു ഫൗജി, ഉപേന്ദ്ര സിങ് രാഘവ്, ഹേമു, സൗരവ്, രോഹിത് രാഘവ് എന്നിവർക്കാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. വന്ദേമാതരം, ജയ് ശ്രീറാം വിളികളോടെയാണ് ഇവർക്ക് സ്വീകരണം നൽകിയത്.
കഴിഞ്ഞ ഡിസംബർ മൂന്നിന് സിയാനയിൽ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടർന്നാണ് അക്രമം നടന്നത്. കലാപത്തിൽ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം 38 പേർക്കെതിരെയാണ് കേസെടുത്തത്.
Read More: കൊല്ലപ്പെട്ടത് വെറും 2 പേർ, ചത്തതോ 21 പശുക്കൾ, അത് ചിന്തിക്കാത്തതെന്താ?: ബിജെപി എംഎൽഎ
“ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി ഞങ്ങൾ മാനിക്കുന്നു. നടപടിക്രമമനുസരിച്ച്, പ്രതികൾ ഒരു തരത്തിലും കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതുൾപ്പെടെയുള്ള ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അത്തരം നിബന്ധനകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അവരുടെ ജാമ്യം റദ്ദാക്കുന്നതിനായി ഞങ്ങൾ ഹർജി ഫയൽ ചെയ്യും. 302-ാം വകുപ്പ് (സുബോദ് കുമാർ സിങ്ങിന്റെ കൊലപാതകം) നേരിടുന്ന അഞ്ച് പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല,” സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ രഘവേന്ദ്ര കുമാർ മിശ്ര പറഞ്ഞു.
Read More: ബുലന്ദ്ഷഹർ കൊലപാതകം; ‘അപകട’മെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, അതിനാൽ ജാമ്യം ലഭിച്ചാൽ കുറ്റം ചെയ്യാൻ സാധ്യതയില്ലെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഡിസംബർ മൂന്നിന് സിയാനയിൽ പശു കശാപ്പ് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജും മറ്റ് പ്രതികളും ചിൻഗ്രാവൈറ്റ് പോലീസ് ബൂത്തിന് പുറത്ത് പ്രതിഷേധിച്ചു. സിയാന എസ്എച്ച്ഒ സുബോദ് കുമാർ സിംഗ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ കലാപം പൊട്ടിപ്പുറപ്പെട്ടു. അക്രമത്തിനിടെ പ്രതികളിലൊരാൾ സുബോദ് കുമാർ സിംഗിനെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ചു. പ്രതിഷേധക്കാരിലൊരാളായ സുമിത്തിനെയും ആത്മരക്ഷാർത്ഥം പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊലപ്പെടുത്തി.
“സുമിത്തിന്റെ കൊലപാതകം പൊലീസ് കലാപവും പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ചേർത്താണ് അന്വേഷിക്കുന്നത്. അത് വേറെ തന്നെ അന്വേഷണം നടത്തണം,”ജിതേന്ദ്ര മാലിക്കിനെയും മറ്റ് മൂന്ന് പേരെയും പ്രതിനിധീകരിച്ച് അഭിഭാഷകൻ സഞ്ജയ് ശർമ പറഞ്ഞു