യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൊല; മൂന്ന് പേർ പിടിയിലായി

സുബോദ് കുമാർ വെടിയേറ്റ് സുമോ കാറിൽ മരിച്ചുകിടക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ബുലന്ദ്ഷഹര്‍:  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.  2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്‌ലാഖ് എന്ന വയോധികനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചിരുന്നത് ഇന്നലെ കൊല്ലപ്പെട്ട സുബോദ് കുമാര്‍ സിങ്ങാണ്.

യുപി പൊലീസ് സേനയിലെ തന്നെ ഏറ്റവും മിടുക്കനായ ഓഫീസർമാരിലൊരാളായിരുന്നു സുബോദ് കുമാർ സിങ്. ഇദ്ദേഹത്തിന്റെ  മുഖത്ത് കണ്ണിന് സമീപത്തായാണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറിലേക്ക് തുളച്ചുകയറിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.   ഇതിന് പുറമെ കാഠിന്യമേറിയ ഒരു വസ്തുകൊണ്ട് മർദ്ദനവും ഏറ്റിട്ടുണ്ട്. സുബോദ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുളള സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

സുബോദ് കുമാർ സിംഗിന്റെ മൃതദേഹത്തിന് പൊലീസ് അന്തിമോപചാരം അർപ്പിക്കുന്നു. (എക്‌സ്‌പ്രസ് ഫോട്ടോ/ ഗജേന്ദ്ര യാദവ്)

ഒരു ടാറ്റ സുമോ കാറില്‍ സുബോധ് സിങ്ങിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം.

“ധീരനായ പൊലീസ് ഓഫീസറായിരുന്നു സുബോദ് കുമാർ സിങ്. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹമൊരിക്കലും തിരിഞ്ഞോടിയില്ല. സംഘർഷഭരിതമായ പല സന്ദർഭങ്ങളും അദ്ദേഹം നേരിട്ടതിന് ഞാൻ സാക്ഷിയാണ്. അഖ്‌ലാഖിന്റെ വധത്തിന് ശേഷം നിത്യേനയെന്നോണം അയാൾ ആ ​ഗ്രാമം സന്ദർശിക്കുമായിരുന്നു. അഖ്‌ലാഖ് വധത്തിന് ശേഷമുണ്ടായ പിരിമുറുക്കത്തെ തുടർന്ന് ദാദ്രിയിലെ ഒരു മുസ്‌ലിം കുടുംബം കല്യാണ ചടങ്ങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചപ്പോൾ അവർക്ക് ധൈര്യം നൽകി അത് നടത്താൻ വഴിയൊരുക്കിയത് സുബോദ് കുമാർ സിങ്ങാണ്. ഒരു മികച്ച ഉദ്യോ​ഗസ്ഥനെയാണ് ഞങ്ങൾക്ക് നഷ്ടമായത്…..” സർക്കിൾ ഇൻസ്പെക്ടർ അനുരാ​ഗ് സിങ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കലാപം ആരംഭിക്കുന്നത്.  പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയെന്നാണ് ആക്രമണത്തിന് കാരണമായി പറയപ്പെടുന്നത്. ഇതേ തുടർന്ന് പൊലീസ് എയ്‌ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയായിരുന്നു.

സുബോദ് കുമാർ സിംഗിന്റെ ഭാര്യയും മകനും. (എക്‌സ്‌പ്രസ് ഫോട്ടോ: ഗജേന്ദ്ര യാദവ്)

ആദ്യം ആക്രമിക്കപ്പെട്ടത് സുബോദ് കുമാര്‍ സിങ്ങും സഹപ്രവര്‍ത്തകരുമാണ്. പരുക്കേറ്റ സുബോദ് കുമാറുമായി പൊലീസുകാർ ആശുപത്രിയിലേക്ക് പോകും വഴി ഇവരെ വീണ്ടും ആക്രമിച്ചതായി എഡിജിപി അനന്ത് കുമാർ പറഞ്ഞു.

സുബോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഘത്തിലുണ്ടായ മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുബോദിന്റെ മൊബൈല്‍ ഫോണും ഔദ്യോഗിക തോക്കും  കാണാതായത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

സുബോദിനെ കൂടാതെ കലാപത്തിൽ 21 കാരനായ സുമിത് എന്ന യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്ദേഹവും നിരപരാധിയാണെന്നാണ് പൊലീസിന്റെ നിഗമനം. ബിരുദവിദ്യാര്‍ത്ഥിയായ സുമിത്  സുഹൃത്തിനെ വീട്ടിലാക്കി മടങ്ങും വഴിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ശരീരത്തില്‍ വെടിയുണ്ടകളേറ്റ പാടുകളുണ്ട്.

“ഞങ്ങൾക്ക് രാവിലെ 11 മണിയോടെയാണ് ബുലന്ദ്ഷഹറിലെ ചിംഗ്രാവതി നിവാസികളായ ആളുകളിൽ നിന്ന്  15നും 20നും ഇടയ്ക്ക് പശുകളെ കൊന്നു തള്ളിയെന്ന വിവരം ലഭിക്കുന്നത്.  ഒരു സംഘം ആളുകള്‍ അവ ട്രാക്ടറുകളില്‍ കയറ്റി സയന സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.  സയന സ്റ്റേഷനിലെ  പൊലീസുകാര്‍ ഇവരില്‍ നിന്നും എഫ്ഐആര്‍ തയ്യാറാക്കാനായി വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം ആസൂത്രിതമായി സംഘര്‍ഷത്തിന് തുടക്കമിട്ടത്,” ബലന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.   ഇവരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയതോടെ അക്രമം വ്യാപിക്കുകയായിരുന്നു.

Bulandshahr clashes, Bulandshahr, UP Police, uttar Pradesh, cow slaughter, cow vigilantism, illegal slaughterhouses, india news, UP News, adityanath
അക്രമികൾ തീവച്ച് നശിപ്പിച്ച വാഹനം

സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പിന്നീട് കല്ലേറ് നടത്തി. ഈ ആക്രമണത്തിനിടെയാണ് പൊലീസുകാർക്ക് പരുക്കേറ്റത്. പൊലീസ് സ്റ്റേഷന് സമീപത്തെ കരിമ്പിൻ പാടത്ത് പരുക്കേറ്റു വീണ സുബോദ് കുമാറിനെ കീഴുദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കൊലവിളിച്ചെത്തിയ സംഘം ആക്രമിച്ചെന്ന് പൊലീസ് വാഹനത്തിന്‍റ ഡ്രൈവറായ റാം ആശ്രയ് പറയുന്നു.

ചുറ്റുമുള്ള മരത്തിന്‍റെ മറപിടിച്ചു കൊണ്ടാണ് ആള്‍ക്കൂട്ടം കല്ലേറ് നടത്തിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിവച്ചു. എന്നാൽ ഇത് ആൾക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കി. കല്ലേറ് രൂക്ഷമായതോടെ പൊലീസുകാർ കാറിൽ നിന്നും ഇറങ്ങിയോടി. സുബോദ് ഈ സമയത്ത് കാറിൽ ഒറ്റയ്ക്കായിരുന്നു.  ഈ സമയത്താവാം അക്രമി സംഘം വെടിവച്ചതെന്നാണ് കരുതപ്പെടുന്നത്.

കലാപത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് തേടിയ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം ദാരുണ സംഭവമാണെന്ന് അനുശോചിച്ചു. സുബോദ് കുമാർ സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മെച്ചപ്പെട്ട പെൻഷൻ അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.

Web Title: Bulandshahr village police officer killed mob cow slaughter

Next Story
ഗോവധം: ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടു പേർ കൊല്ലപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express