/indian-express-malayalam/media/media_files/uploads/2018/12/Subodh-Kumar-Singh-family.jpg)
സുബോധ് കുമാർ സിങ്ങിന്റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ
ലക്‌നൗ: ആൾക്കൂട്ട ആക്രമണത്തിൽ ബുലന്ദ്ഷഹറിൽ പൊലീസ് ഓഫിസർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടിട്ട് നാലു ദിവസം പിന്നിടുന്നു. സുബോധിന്റെ കൊലപാതകത്തിനു പിന്നിലുളളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. ആദ്യം പശുവിനെ കൊന്നവരെ കണ്ടുപിടിക്കട്ടെ, എന്നിട്ടാകാം പൊലീസ് ഓഫിസറുടെ കൊലപാതകികളെ എന്ന നിലപാടിലാണ് യുപി പൊലീസ്.
''ആ പശുക്കളെ കൊന്നതാരാണെന്ന് കണ്ടെത്താനാണ് ഞങ്ങളുടെ പ്രധാന ശ്രമം. ഗോവധത്തിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പശുക്കളെ കൊന്നത് ആരാണെന്ന് കണ്ടെത്തിയാൽ അതിലൂടെ പൊലീസ് ഓഫിസറുടെ കൊലപാതകികളിലേക്കും എത്താനാവുമെന്നാണ് പ്രതീക്ഷ. ഗോവധത്തിന് പിന്നിലുളളവരെ കണ്ടെത്തുകയാണ് ഞങ്ങളുടെ പ്രഥമ പരിഗണന,'' ബുലന്ദ്ഷഹർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റയീസ് അക്തർ ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
സുബോധിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. പക്ഷേ പ്രധാന പ്രതിയായ ബജ്റംഗ്‌ദൾ നേതാവ് യോഗേഷ്‌രാജ് സിങ്ങിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഗോവധ കേസിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോവധത്തെക്കുറിച്ചുളള അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്തർ പറഞ്ഞത് ഇങ്ങനെ, ''ഗോവധത്തിനു പിന്നിൽ പ്രത്യേക ഗ്രൂപ്പുകളാണോയെന്ന് ഇപ്പോൾ പറയാനാകില്ല. സുബോധിന്റെ കൊലപാതകത്തിൽ പെട്ടവരെല്ലാം പശു സംരക്ഷണ പ്രവർത്തനങ്ങളിൽ ഉളളവരാണെന്ന് വ്യക്തമാണ്. പക്ഷേ പ്രധാന പ്രതികൾ പിടിയിലായാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂ. ഈ സമയം ഗോഹത്യ കേസിനാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.''
സുബോദ് സിങ്ങിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയായ യോഗേഷ് രാജിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. കേസിലെ ഒൻപതാം പ്രതിയായ ശിഖർ അഗർവാളിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട സുബോധ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ വീഡിയോയിൽ ആരോപിക്കുന്നു. ഗോവധത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുബോധ് കുമാർ സിങ് നിരസിച്ചതാണ് കാര്യങ്ങൾ കൈവിട്ടു പോകാനും കലാപ സാഹര്യം ഉണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഇയാൾ വീഡിയോയിൽ ആരോപിക്കുന്നത്.
''സ്വയം രക്ഷയ്ക്ക് വേണ്ടി ഒരു പ്രതി എന്തും പറയും, അത് കാര്യമാക്കേണ്ടതില്ല, സുബോധ് സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു,'' അഗർവാളിന്റെ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ബുലന്ദ്ഷഹർ എസ്‌പി പ്രവീൺ രഞ്ജൻ സിങ് പറഞ്ഞത് ഇതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.