നാഗ്‌പൂർ: തുടർച്ചയായ നാലാം തവണയും ആർഎസ്എസ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ജോഷി അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഉറപ്പുപറഞ്ഞു. അതേസമയം പ്രതിമകൾ തകർക്കുന്നതും ക്രിസ്ത്യൻ പളളികൾ ആക്രമിക്കുന്നതും തങ്ങളുടെ നയമല്ലെന്നും അദ്ദേഹം നാഗ്പൂരിൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

“എപ്പോഴൊക്കെ ആശങ്കകളും തർക്കങ്ങളും ഉണ്ടാകുമോ അത്തരം ഘട്ടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഞങ്ങൾ അതിനെ തുടക്കം മുതലേ എതിർക്കുന്നതാണ്. അതിന്റെ യഥാർത്ഥ വസ്തുത അധികം വൈകാതെ പുറത്തുവരും,” ലെനിന്റെ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

അതേസമയം അയോധ്യയിൽ “രാമക്ഷേത്രം മാത്രമേ പണിയൂ, അതുറപ്പാണ്” എന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. “അവിടെ രാമക്ഷേത്രം മാത്രമേ പണിയൂ എന്നത് നേരത്തേ തന്നെ വ്യക്തമായതാണല്ലോ. ചില നിയമപ്രക്രിയകൾ പൂർത്തിയാക്കാനുണ്ട് എന്ന് മാത്രമല്ലേ ഉളളൂ. സുപ്രീം കോടതിയിൽ കേസ് വേഗത്തിൽ തീർപ്പാക്കപ്പെടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ബിജെപി അധികാരത്തിൽ വന്നത് ആർഎസ്എസിന്റെ വളർച്ച കൊണ്ടല്ല. ജയിക്കുന്നതും തോൽക്കുന്നതും വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും മാത്രം മികവുകൊണ്ടാണ്. ആർഎസ്എസ് 2014 ന് മുൻപ് തന്നെ വളരുന്നുണ്ടായിരുന്നു.”

മഹാരാഷ്ട്രയിലും മറ്റുമുളള കർഷക പ്രക്ഷോഭങ്ങളെ കുറിച്ചുളള ചോദ്യത്തിന്, “കർഷകർ മനോഭാവം മാറ്റണം” എന്നായിരുന്നു ഉത്തരം. “അത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. മാത്രമല്ല, കർഷകർ തങ്ങളുടെ മനോഭാവം മാറ്റണം. പരമ്പരാഗതരീതിയിൽ കൃഷിയെ സമീപിക്കുന്ന രീതി മാറണം. ഭരണസംവിധാനത്തിന് അപര്യാപ്തതകളുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്,” സുരേഷ് ജോഷി ആർഎസ്എസ് നയം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook