ന്യൂഡൽഹി: കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ അതിർത്തികളിൽ കർഷക സമരത്തെ പ്രതിരോധിക്കാൻ കേന്ദ്രം സുരക്ഷ വർധിപ്പിക്കുന്നതിനെയാണ് രാഹുൽ വിമർശിച്ചത്. മതിലുകൾ പണിയുന്നതിനു പകരം പാലങ്ങളാണ് നിർമിക്കേണ്ടതെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു. ഗാസിപൂർ, സിംഘു, തിക്രി അതിർത്തികളിൽ കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. കർഷകർക്കെതിരായ അതിക്രമങ്ങളെ രാഹുൽ നേരത്തെ അപലപിച്ചിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുടെ ഭാഗമായി അനധികൃതമായി തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എഫ്ഐർ, അന്വേഷണ നടപടികളിലേക്ക് കടക്കാതെ അറസ്റ്റുചെയ്തവരെ വിട്ടയക്കാനാവില്ല. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറുകളിൽ അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഡൽഹി പൊലീസിന് നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആറ് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.

Read Also: മഹാരാഷ്ട്രയിൽ പോളിയോ വാക്​സിന്​ പകരം സാനിറ്റൈസർ നൽകി; 12 കുട്ടികൾ ആശുപത്രിയിൽ

ഇതുവരെ 44 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വക്താവ് ഡോ. എയ്ഷ് സിങ്കാൽ പറഞ്ഞു. 54 കർഷക നേതാക്കൾക്കും 200 ട്രാക്ടർ ഉടമകൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാക്ടർ ഉടമകളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. “സുപ്രീം കോടതിയുടെ മാർഗനിർദേശപ്രകാരം ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ ബന്ധുക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ തേടാം. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഡൽഹി പൊലീസ് നടത്തിയ അന്വേഷണം സുതാര്യവും നീതിയുക്തവുമാണ്,” സിങ്കാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook