ന്യൂഡൽഹി: തർക്കഭൂമിയായ അയോധ്യയിൽ ബാബ്റി മസ്ജിദ് നിലനിന്നിടുത്ത് സർവ്വകലാശാല നിർമ്മിക്കണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാമരാജ്യം നിർമ്മിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ ആവണമെന്നും കൂറ്റൻ ക്ഷേത്രം നിർമ്മിച്ചല്ലെന്നും സിസോദിയ പറഞ്ഞു.

”ഹിന്ദു-മുസ്‌ലിം സംഘടനകൾ അഭിപ്രായ സമന്വയം ഉണ്ടാക്കി, അവിടെ നല്ലൊരു സർവ്വകലാശാല പണിയണം,” എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ സിസോദിയ പറഞ്ഞു. ”ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, ഇന്ത്യൻ, വിദേശീയർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിൽനിന്നും എല്ലാ രാജ്യത്തിൽനിന്നുമുളള വിദ്യാർത്ഥികൾക്ക് അവിടെ പഠിക്കാം, അതിലൂടെ രാമരാജ്യം നിർമ്മിക്കാം. കുട്ടികളെ പഠിപ്പിച്ചതിലൂടെയാണ് രാമരാജ്യം നിർമ്മിക്കേണ്ടത്, അല്ലാതെ ക്ഷേത്രം പണിതല്ല,” അയോധ്യ ഭൂമി തർക്കത്തെക്കുറിച്ചുളള എഎപിയുടെ നിലപാടെന്തെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ജാതി രാഷ്ട്രീയത്തെ എങ്ങനെ തുടച്ചുനീക്കാമെന്ന് ചോദിച്ചപ്പോൾ വിദ്യാഭ്യാസം കൊണ്ടു മാത്രമേ അതിന് സാധിക്കൂവെന്നായിരുന്നു ഡൽഹി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ പറഞ്ഞത്. ”ജപ്പാൻ യൂണിവേഴ്സിറ്റിയിൽ ഞാൻ ഉണ്ടായിരുന്ന സമയത്താണ് ഹൈഡ്രജൻ ഉപയോഗിച്ച് കാർ എങ്ങനെ ഓടിക്കാമെന്ന പുതിയ ആശയത്തെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യുന്നത്, അതേ ദിവസം ട്വിറ്ററിൽ നമ്മൾ ഭഗവാൻ ഹനുമാന്റെ ജാതിയെക്കുറിച്ചാണ് ചർച്ച നടത്തിയത്. ഇത് ദൗർഭാഗ്യകരമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവയെ മറികടക്കാൻ സാധിക്കൂ,” സിസോദിയ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ