ന്യൂ ഡല്‍ഹി: ദേശീയ ക്ഷയരോഗ നിര്‍മാജനത്തിനായി ദേശീയ സ്ട്രാറ്റജിക് പ്ലാനിനായി (എൻ​​എസ് പി) ബജറ്റിൽ വകയിരുത്തിയ തുകയിൽ നിന്നും  4000 കോടിയുടെ വെട്ടിച്ചുരുക്കല്‍. 2025 ഓടുകൂടെ ക്ഷയരോഗ (ടി ബി) നിർമാർജനം ചെയ്യുന്നതിനായി വകയിരുത്തിയ 16,000 കോടിയിലാണ് ഇപ്പോള്‍ വെട്ടിച്ചുരുക്കല്‍ നടക്കുന്നത്.
12,000 രൂപയിലേക്ക് വെട്ടിച്ചുരുക്കിയ ടിബി നിര്‍മാജന പദ്ധതി പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുവാദം കാത്തു നില്‍കുകയാണ് ഇപ്പോഴെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നു.

ക്ഷയരോഗ ചികിത്സാ രംഗത്ത് സ്വകാര്യമേഖലയ്ക്ക്  കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന രീതിയിലാവും പുതിയ പദ്ധതി. ദ്രുതഗതിയിലുള്ള മോളിക്യുലര്‍ ടെസ്റ്റുകള്‍ നടത്താനുളള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക, എസ് എം എസ് സേവനങ്ങളിലൂടെ രോഗികളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കല്‍, ഭാരത്‌ ക്ഷയ നിയന്ത്രന്‍ പ്രതിഷ്ടാന്‍ എന്ന പേരില്‍ ടിബി നിര്‍മാജന പദ്ധതി കാര്യക്ഷമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ഇന്ത്യ ക്ഷയരോഗ നിയന്ത്രണഫൗണ്ടേഷന്റെ  നേതൃത്വത്തിൽ  ടിബി രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക, തടവറകളിലും ചേരികളിലും ആദിവാസി മേഖലകളിലുമുള്ള ടിബി രോഗികളെ കണ്ടെത്തുക, കഫം പരിശോധന നടത്താനായി ശേഖരിക്കുക, പരിശോധന എന്നിവയൊക്കെ ഈ​ ഫൗണ്ടേഷന്റെ  ഭാഗമാവും.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ടിബി നിര്‍മാജന ബോര്‍ഡ് പ്രതിവര്‍ഷം യോഗം ചേരുകയും ദേശീയടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്യും.

എന്‍ എസ് പി യുടെ ടിബി നിര്‍മാജനം 2017-2025 എന്ന രേഖ പ്രകാരം 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കാര്യമായ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ എന്‍ എസ് പി ആവശ്യപ്പെടുന്നുണ്ട്.

READ MORE: ലോക ക്ഷയരോഗ ദിനം; രോഗികളില്‍ 24 ശതമാനം ഇന്ത്യയില്‍

“ഈ പദ്ധതി നടപ്പിലാക്കുന്നതിനും പദ്ധതി നിര്‍വ്വഹണത്തിലുള്ള വേഗത ത്വരിതപ്പെടുത്തുന്നതിനും  സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക പദ്ധതിയുടെ  മൊത്ത ബജറ്റില്‍ വളര്‍ച്ച കൊണ്ടുവരിക” എന്നിവയൊക്കെയാണ് ടി ബി നിര്‍മാജനത്തിനായുള്ള എന്‍ എസ് പി രേഖ മുന്നോട്ടു വെക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 480,000 പേരും പ്രതിദിനം 1,400 പേരും ക്ഷയം കാരണം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍. ലോകത്താകമാനമുള്ള ക്ഷയരോഗികളില്‍ 24 ശതമാനവും ഇന്ത്യയിലാണ്. ഈ​ സാഹചര്യത്തിലാണ് ടി ബി നിവാരണത്തിന് കൂടുതൽ ശ്രദ്ധപതിപ്പിക്കാനുളള പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. എന്നാൽ വകയിരുത്തിയ തുക തന്നെ വെട്ടിക്കുറയ്ക്കാനുളള നീക്കം ഈ​ രംഗത്തെ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ