scorecardresearch

നോട്ട് നിരോധനം നികുതി വരുമാനം കൂട്ടിയില്ലെന്ന് ബജറ്റ് കണക്കുകൾ

പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ കേന്ദ്രാവിഷ്‌കൃതപദ്ധതികൾക്കുള്ള തുക മുൻ വർഷത്തേക്കാൾ കുറയും.

നോട്ട് നിരോധനം നികുതി വരുമാനം കൂട്ടിയില്ലെന്ന് ബജറ്റ് കണക്കുകൾ

നോട്ട് നിരോധനം കൊണ്ട് നികുതി വരുമാനത്തിൽ വർധനവുണ്ടായില്ലെന്ന ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. വ്യക്തിഗത ആദായ നികുതി വരുമാനത്തിൽ 2016-17 ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത് 3.28 ലക്ഷം കോടി രൂപയായിരുന്നു. അതിനേക്കാൾ കൂടുതലായി ഒരു പൈസ പോലും പുതുക്കിയ എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടില്ല. കന്പനി നികുതിയിൽ 4.93 ലക്ഷം കോടി ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനം പുതുക്കിയ എസ്റ്റിമേറ്റിലും അതേ നികുതി തന്നെയാണ് വകയിരുത്തിയിരിക്കുന്നത്. വ്യക്തിഗത, കന്പനി ആദായ നികുതികളിൽ ഒരു രൂപ പോലും പുതുക്കിയ എസ്റ്റിമേറ്റിൽ അധികമായി വകയിരുത്തിയിട്ടില്ല. അതായത് നോട്ട് അസാധുവാക്കൽ വഴി സർക്കാരിന് അധിക വരുമാനം ലഭിച്ചില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
നോട്ട് നിരോധനം കൊണ്ട് എത്തിയ കളളപണമായിരുന്നുവെങ്കിൽ അതിനുള്ള നികുതിയടക്കുമ്പോൾ തന്നെ വ്യക്തിഗത ആദായനികുതി വർധിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. നോട്ട് നിരോധനത്തിനനുകൂലമായി വാദിച്ചവർ ഉന്നയിച്ചത് നാല് ലക്ഷം കോടി രൂപ കള്ളപണമായി ബാങ്കിൽ വരുമെന്നായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അതിന്റെ നികുതിയായി 1.2 ലക്ഷം കോടി രൂപ അധികവരുമാനമായി നികുതിയിനത്തിലൂടെ ലഭിക്കണമായിരുന്നു. മുഴുവൻ ലഭിച്ചില്ലെങ്കിലും മുൻകൂർ നികുതിയായി നാൽപ്പതിനായിരം കോടി രൂപയെങ്കിലും ഡിസംബറിൽ ലഭിച്ചിരുന്നുവെങ്കിൽ നോട്ട് നിരോധനം കള്ളപ്പണം പിടികൂടാനാണെന്ന വാദം സാധൂകരിക്കാമായിരുന്നു.
സെൻട്രൽ എക്സൈസ് വഴി ലഭിച്ച നികുതി വരുമാനത്തിനും നോട്ട് നിരോധനവുമായി ബന്ധമില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഈ മേഖലയിൽ ലഭിച്ച 37 ശതമാനം അധികവരുമാനത്തിലെ പ്രധാനപങ്കും എണ്ണ വിലയുടെ നികുതിയിനത്തിൽ ലഭിച്ചതാണ്.
അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായനികുതി 50 ശതമാനം കുറച്ചതിന്റെ നേട്ടം വ്യക്തികൾക്കു ലഭിക്കുമ്പോൾ കോട്ടം സംഭവിക്കുന്നത് സംസ്ഥാനങ്ങൾക്കുള്ള വരുമാനത്തിലാണ്. ഇത് കുറച്ച ധനമന്ത്രി 50 ലക്ഷം രൂപയ്ക്ക് മേൽ വരുമാനമുള്ളവരുടെ നികുതി കൂട്ടുകയല്ല, മറിച്ച് സർചാർജ് ഏർപ്പെടുത്തുകയാണ് ചെയ്തത്. നികുതി വരുമാനത്തിൽ നിന്നുള്ള വിഹിതത്തിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെങ്കിലും സർചാർജിൽ നിന്നും സെസ്സിൽ നിന്നും കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങൾക്കില്ല. നികുതിയിളവ് നൽകിയ ശേഷം ഉയർന്ന വരുമാനത്തിൽ നിന്നും സർചാർജ് ഈടാക്കാനുള്ള തീരുമാനം കേന്ദ്രത്തിന് വരുമാന നഷ്ടം ഉണ്ടാകില്ലെങ്കിലും സംസ്ഥാനങ്ങളുടെ വരുമാനത്തിന് ഇടിവ് വരും. നോട്ട് നിരോധനം കാരണം സംസ്ഥാനങ്ങളുടെ മൂല്യവർധിത നികുതി വരുമാനം കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇതു വഴി ഉണ്ടാകുന്ന വരുമാനക്കുറവ്. ഇത് സംസ്ഥാനങ്ങൾക്ക് ചെറുതാണെങ്കിലും വരുമാന നഷ്ടമുണ്ടാക്കും.
തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, പട്ടികജാതി, പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായും വകയിരുത്തിയ തുകയും പ്രതീക്ഷാ നിർഭരമല്ല. ഈ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്നത് കഴിഞ്ഞ ബജറ്റിന്റെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ രണ്ട് മുതൽ നാല് ശതമാനം വരെ മാത്രമാണ് വർധനവ്. 3.6 ശതമാനം വരുന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താൽ ഇത് വർധനവേയല്ലെന്ന് സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഇത് കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ കുറവാണെന്ന് പറയാവുന്നതാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Budget tax demonetisation central projects black money

Best of Express