/indian-express-malayalam/media/media_files/uploads/2019/01/Ram-Nath-Kovind.jpg)
ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുളള നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എല്ലാവർക്കും ലഭിക്കുന്ന പട്ടിണിപ്പാവങ്ങളില്ലാത്ത അഴിമതിയില്ലാത്ത ഇന്ത്യയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾക്ക് അഭിമാനത്തോടെ ജീവിക്കാനുളള അവസരം സൃഷ്ടിച്ചു. രാജ്യത്ത് എല്ലാത്തരത്തിലുള്ള അനീതികളും അവസാനിപ്പിച്ചെന്നും കർഷകരുടെ വിളകൾക്ക് താങ്ങുവില വർധിപ്പിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ ഓരോ പൗരന്‍റെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതികളിലൂടെ കേന്ദ്രസർക്കാരിന് ജനങ്ങളുടെ വിശ്വാസവും സ്നേഹവും ആർജ്ജിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും രാജ്യത്തിന് അതിവേഗം വികസിക്കാൻ സാധിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു.
നോട്ട് നിരോധനം കളളപ്പണ്ണത്തിനെതിരായ നടപടികളിൽ ഏറ്റവും മികച്ചതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതിലൂടെ കളളപ്പണവും അഴിമതിയും വലിയൊരളവോളം തടയാൻ സാധിച്ചു. പൗരത്വ ഭേദഗതി ബിൽ ഇന്ത്യയിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നവർക്ക് സഹായകരമാകുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്തരക്കാർ കുറ്റക്കാരല്ല, മറിച്ച് സാഹചര്യങ്ങളുടെ ഇരകളാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ 34 കോടി ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുണ്ട്. 6.8 കോടി ഇന്ത്യക്കാർ ഐടി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്. തന്‍റെ പണം ശരിയായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നതെന്ന വിശ്വാസം ഓരോ നികുതിദായകനിലും ഉണ്ടാക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ട്.
ചരക്കു സേവന നികുതി (ജിഎസ്ടി) ഭാവിയെ ലക്ഷ്യം വച്ചുള്ളതാണെന്നും വ്യാവസായിക മേഖലയ്ക്ക് വലിയ അനുഗ്രഹമായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ മൊബൈൽ ഉത്പാദനത്തിൽ ലോകത്ത് രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആറു ലക്ഷം കുടുംബങ്ങൾക്ക് പാചകവാതക കണക്‌ഷൻ നൽകിയെന്നും നാലര വർഷം കൊണ്ടു 13 കോടി വീടുകളിൽ കൂടി പാചകവാതകം എത്തിക്കാൻ സർക്കാരിനു സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.