ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടിനെ ചൊല്ലി ലോകസഭയില്‍ ബഹളം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‌ലിയുടെ പ്രസംഗം അല്‍പ്പസമയം തടസ്സപ്പെട്ടു.

റാഫേല്‍ ഇടപാടിന് ചെലവിട്ട വിശദാംശങ്ങള്‍ നല്‍കാന്‍ ആകില്ലെന്നും അത് സഭയില്‍ വെക്കുകയാണ് എങ്കില്‍ എന്ത് ആയുധമാണ് ഉപയോഗിക്കുന്നത് എന്ന് ശത്രുക്കള്‍ക്ക് ഊഹിക്കാന്‍
പറ്റും എന്നാണ് അരുണ്‍ ജെയിറ്റ്‌ലി പ്രതിപക്ഷത്തെ അറിയിച്ചത്.

വീരപ്പ മോയിലിയുടെ ചോദ്യത്തിന് ” നിങ്ങളുടെ ആക്രിവില്‍പ്പനക്കാരനായ പ്രസിഡന്‍റിനോട് പ്രണബ് മുഖര്‍ജിയുടെ (യുപിഎ കാലത്ത് പ്രതിരോധത്തിന്‍റെ ചുമതല വഹിച്ച) അടുത്ത് പോയി അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെടൂ.” എന്ന് ജെയിറ്റ്‌ലി മറുപടി നല്‍കിയതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

ഇന്നലെ രേണുകാ ചൗധരിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചിരുന്നു.

ആധാര്‍ പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്‍റെ കാലത്താണ് എന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ രേണുകാ ചൗധരി പൊട്ടിച്ചിരിച്ചിരുന്നു. ” ടെലിവിഷനില്‍ രാമായണം സീരിയല്‍ കാണിക്കുന്നത് നിര്‍ത്തിയശേഷം ഇങ്ങനെയൊരു അട്ടഹാസം കേള്‍ക്കുന്നത് ഇതാദ്യമായാണ്” എന്നായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ