scorecardresearch

Budget 2026 Highlights: കേന്ദ്ര ബജറ്റ്: നികുതി ഇളവുകൾ പ്രഖ്യാപിച്ചു, കേരളത്തിന് നിരാശ

Budget 2026 India Live Updates: 27 വർഷത്തിന് ശേഷമാണ് രാജ്യത്ത് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമൻറ ഒൻപതാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്

Budget 2026 India Live Updates: 27 വർഷത്തിന് ശേഷമാണ് രാജ്യത്ത് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമൻറ ഒൻപതാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Budget 2026lm

Union Budget Highlights

Union Budget 2026 Highlights:രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായനികുതി റിട്ടേൺ  സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി മുതൽ ഘട്ടംഘട്ടമായി നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചു.

Advertisment

നിശ്ചിത സമയപരിധി കഴിഞ്ഞും ആദായനികുതി റിട്ടേണുകളിൽ മാറ്റം വരുത്താൻ ഇനി സാധിക്കും. ഇതിനായി ചെറിയൊരു തുക അധികമായി നൽകേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

റെയർ എർത്ത് കോറിഡോർ പദ്ധതിയിൽ കേരളം

ധാതു ഖനനത്തിന് റെയർ എർത്ത് കോറിഡോർ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. കേരളത്തിന് പുറമേ തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ഇടം നേടിയിരിക്കുന്നത്. 

ആത്മനിർഭരത ഭാരത്തിന് ഊന്നൽ നൽകിയുള്ള ബജറ്റാണിതെന്ന് ആമൂഖ പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനായി.കാർഷിക മേഖലയിലും തൊഴിൽ രംഗത്തും കൊണ്ടുവന്ന പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് ഗുണകരമായി. രാജ്യം ഏഴ് ശതമാനത്തിനടുത്ത് വളർച്ചാ നിരക്ക് നിലനിർത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വലിയ പരിഗണന ലഭിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്.

  • Feb 01, 2026 18:14 IST

    ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്; ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി സംസ്ഥാനത്തെ ബോധപൂർവ്വം വിസ്മരിച്ചെന്ന് മുഖ്യമന്ത്രി

    കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.



  • Feb 01, 2026 17:41 IST

    ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

    തുടർച്ചയായി ഒൻപതാം തവണയും ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ട ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് രാജ്യത്തെ 'നാരി ശക്തി'യുടെ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ നടത്തുന്ന സ്വാശ്രയ ഗ്രൂപ്പുകളിൽ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം സ്ത്രീകൾ ചേർന്നിട്ടുണ്ടെന്നും ബജറ്റ് അവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലകളിലും പെൺകുട്ടികൾക്കായി പുതിയ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമർശിച്ചു.



  • Feb 01, 2026 13:56 IST

    ബജറ്റ് നിരാശാജനകമെന്ന് കെഎൻ ബാലഗോപാൽ

    കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച ഒന്നും തന്നെ ബജറ്റിൽ ഇല്ല. മൊത്തത്തിൽ രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ലെന്ന് ബാലഗോപാൽ പ്രതികരിച്ചു



  • Feb 01, 2026 13:53 IST

    ബജറ്റ് സുതാര്യമല്ലെന്ന് കോണ്‍ഗ്രസ്

    ബജറ്റ് ശോഭയില്ലാത്തതാണെന്ന് കോൺഗ്രസിൻ്റെ പ്രതികരണം. പ്രധാന പദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് യാതൊരു ധാരണയും നൽകാത്തതിനാൽ പ്രസംഗം സുതാര്യമല്ലായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു



  • Feb 01, 2026 13:46 IST

    കേരളത്തെ പൂർണമായി അവഗണിച്ചു: കൊടിക്കുന്നിൽ സുരേഷ്

    കേന്ദ്ര ബജറ്റിൽ പതിവുപോലെ ഇക്കുറിയും കേരളത്തെ പൂർണമായി അവഗണിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു



  • Feb 01, 2026 13:42 IST

    അതിവേഗ റെയിലിൽ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരൻ

    അതിവേഗ റെയിൽ പദ്ധതിയിൽ ബജറ്റിൽ കേരളം ഇടം നേടിയില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞു. 



  • Feb 01, 2026 13:40 IST

    തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ

    കേരളത്തിന് ബജറ്റിൽ ഒന്നുമില്ലെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്ന പദ്ധതികൾ എന്തുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ എന്തെങ്കിലും നടപ്പിലാക്കണമെങ്കിൽ എൻഡിഎ സർക്കാർ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



  • Feb 01, 2026 13:36 IST

    സുരേഷ് ഗോപിയും ജോർജ് കുര്യനും മറുപടി പറയണം: ജെബി മേത്തർ

    കേരളത്തിലെ വികസനത്തിന് ആമയുടെ വേഗത മതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ ചിന്താഗതിയെന്ന് ജെബി മേത്തർ എംപി പറഞ്ഞു. എയിംസ് ഉൾപ്പടെയുള്ള കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യത്തെ ബജറ്റിൽ അവഗണിച്ചതിൽ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും മറുപടി പറയണമെന്നും ജെബി മേത്തർ പറഞ്ഞു



  • Feb 01, 2026 13:18 IST

    കേരളത്തെ തീർത്തും അവഗണിച്ചു: ഷാഫി പറമ്പിൽ

    കേരളത്തിൽ വികസനത്തിന് ആമയുടെ വേഗത മതിയെന്ന് കാഴ്ചപ്പാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. കേരളത്തിന് ഇത് സിറോ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു



  • Feb 01, 2026 13:15 IST

    അദാനി-അംബാനി ബജറ്റെന്ന് ബിനോയ് വിശ്വം

    അദാനിയ്ക്കും അംബാനിയ്ക്കും വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരളം ഉൾപ്പടെ തങ്ങൾക്ക് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ പൂർണമായി അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു



  • Feb 01, 2026 13:11 IST

    കേരളത്തെ പല മേഖലകളിലും പരാമർശിച്ചില്ല: ബെന്നി ബഹനാൻ

    ബജറ്റിൽ കേരളത്തെ പരാമർശിക്കേണ്ട പല മേഖലകളിലും അവഗണിച്ചെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. തീരദേശ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളിൽ പോലും കേരളത്തെ അവഗണിക്കുകയാണ് ഉണ്ടായതെന്നും എംപി പറഞ്ഞു



  • Feb 01, 2026 13:00 IST

    കേരളത്തോട് വിവേചനമെന്ന് ആന്റോ ആന്റണി

    കേന്ദ്ര ബജറ്റിൽ കേരളത്തോട് പൂർണമായ വിവേചനമാണ് കാട്ടിയതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വികസിത ഭാരതത്തിനുള്ള ബജറ്റെന്ന് പറയുമ്പോഴും കർഷകരെ പൂർണമായി അവഗണിച്ചു. രാജ്യം നേരിടുന്ന തൊഴില്ലിലായ്മ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ഇല്ല. സമ്പന്നരെ മാത്രം പ്രതിനിധീകരിക്കുന്ന ബജറ്റാണ് കേന്ദ്ര മന്ത്രി അവതരിപ്പിച്ചതെന്നും എംപി പറഞ്ഞു



  • Feb 01, 2026 12:44 IST

    ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 1000 പോയിന്റിലധികം ഇടിഞ്ഞു

    ധനമന്ത്രി നിർമല സീതാരാമൻ തന്റെ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. ഡെറിവേറ്റീവ്‌സ്  വ്യാപാരത്തിന്മേലുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ്  കുത്തനെ വർധിപ്പിച്ചത് നിക്ഷേപകരെ നിരാശരാക്കി. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ബിഎസ്ഇ സെൻസെക്‌സ് 1,000 പോയിന്റിലധികം ഇടിഞ്ഞു.

    എഫ് ആൻഡ് ഒ നികുതി  വർധന: ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിനുള്ള നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും, ഓപ്ഷൻസ് വ്യാപാരത്തിന്റേത് 0.01 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായും ഉയർത്തി. ഡെറിവേറ്റീവ് വിപണിയിലെ അമിത ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് ഈ നടപടിയെന്ന് ധനമന്ത്രി വ്യക്തമാക്കി.



  • Feb 01, 2026 12:40 IST

    തീർത്തും നിരാശയെന്ന് ജോൺ ബ്രിട്ടാസ്

    എത്രയോ കാലമായി കേരളം അതിവേഗ റെയിൽ പദ്ധതിയ്ക്കായി ആവശ്യം ഉന്നയിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളം പദ്ധതിയുമായി മുന്നോട്ടുപോയപ്പോൾ അതിന് തുരങ്കം വെക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ബജറ്റിൽ ഏഴ് അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചത് ദൗർഭ്യാഗകരമായ നടപടിയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. 



  • Feb 01, 2026 12:34 IST

    കേരളത്തെ അവഗണിച്ചെന്ന് മന്ത്രി പി രാജീവ്

    കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിവേഗ തീവണ്ടി ഇടനാഴി, എയിംസ് ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ കേരളം ഉന്നയിച്ചിട്ടും പൂർണമായി കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു



  • Feb 01, 2026 12:30 IST

    ബജറ്റ് പ്രസംഗം പൂർത്തിയായി

    ബജറ്റ് പ്രസംഗം പൂർത്തിയായി. ഒന്നരമണിക്കൂർ നീണ്ടുനിന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമൻറ ബജറ്റ് പ്രസംഗം



  • Feb 01, 2026 12:29 IST

    ധനക്കമ്മി 4.3 ശതമാനത്തിലേക്ക്; ലക്ഷ്യമിട്ടതിനേക്കാൾ മികച്ച നേട്ടമെന്ന് കേന്ദ്രം

    രാജ്യത്തിന്റെ ധനക്കമ്മി സംബന്ധിച്ച നിർണ്ണായക കണക്കുകൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പുറത്തുവിട്ടു. 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ  4.4 ശതമാനമായിരിക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ, പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 4.3 ശതമാനത്തിലേക്ക് താഴുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

    "2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ 2027-ഓടെ ഇത് 4.3 ശതമാനമായി കുറയാൻ സാധ്യതയുണ്ട്," ധനമന്ത്രി വ്യക്തമാക്കി.

    സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും രാജ്യത്തിന്റെ കടബാധ്യതകൾ കുറയ്ക്കുന്നതിനും സർക്കാർ നൽകുന്ന മുൻഗണനയാണ് ഈ കുറവിലൂടെ പ്രതിഫലിക്കുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിൽ ഇന്ത്യ കൈവരിച്ച നിർണ്ണായക നേട്ടമാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.



  • Feb 01, 2026 12:24 IST

    വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആശ്വാസം: 20 ലക്ഷം രൂപ വരെയുള്ള ആസ്തികൾക്ക് മുൻകാല പ്രാബല്യത്തോടെ ഇളവ്

    വിദേശത്തുള്ള സ്ഥാവരമല്ലാത്ത ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള ഇത്തരം വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് മുൻകാല പ്രാബല്യത്തോടെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കൽ  നൽകുമെന്ന് മന്ത്രി അറിയിച്ചു.

    നിലവിൽ 20 ലക്ഷം രൂപയിൽ താഴെ ആകെ മൂല്യമുള്ള വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് പിഴ ഈടാക്കുന്നില്ല. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷാനടപടികളിൽ നിന്നും സംരക്ഷണം നൽകാനുള്ള നിർദ്ദേശം മന്ത്രി മുന്നോട്ടുവെച്ചത്.



  • Feb 01, 2026 12:14 IST

    വരുമാനം കുറച്ചു കാണിച്ചാല്‍ 100 ശതമാനം പിഴ

    വിദേശ ആസ്തി വരുമാനങ്ങള്‍ വെളിപ്പെടുത്താത്തവര്‍ക്ക് 1 കോടി രൂപ വരെയുള്ള വരുമാനത്തിന് 30 ശതമാനം പിഴ. വരുമാനം കുറച്ചുകാണിക്കുന്നതായി തെളിഞ്ഞാല്‍ 100 ശതമാനം ആദായ നികുതി പിഴ ചുമത്തുമെന്നും ധനമന്ത്രി താക്കീത് നല്‍കി.



  • Feb 01, 2026 12:12 IST

    നികുതി അടയ്ക്കാനുള്ള സമയപരിധിയിൽ മാറ്റം

    രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായനികുതി റിട്ടേൺ സർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി മുതൽ ഘട്ടംഘട്ടമായി നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചു.

    ഐടിആർ പരിഷ്കരിക്കാൻ അവസരം: നിശ്ചിത സമയപരിധി കഴിഞ്ഞും ആദായനികുതി റിട്ടേണുകളിൽ മാറ്റം വരുത്താൻ  ഇനി സാധിക്കും. ഇതിനായി ചെറിയൊരു തുക അധികമായി നൽകേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

    വിദേശ ആസ്തി വെളിപ്പെടുത്തൽ: വിദേശത്തുള്ള ആസ്തികളോ വരുമാനമോ വെളിപ്പെടുത്താത്തവർക്കായി ആറ് മാസത്തെ പ്രത്യേക 'വൺ-ടൈം' സ്കീം ധനമന്ത്രി പ്രഖ്യാപിച്ചു.

    ആർക്കെല്ലാം പ്രയോജനം ?

    • വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
    • വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് 1 കോടി രൂപ വരെയാണ് പരിധി.
    • നിലവിൽ വിവരങ്ങൾ വെളിപ്പെടുത്തിയവർക്ക് 5 കോടി രൂപ വരെയുള്ള ആസ്തികൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താം.
    • നികുതി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെയും നികുതിദായകർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ പരിഷ്കാരങ്ങൾ.



  • Feb 01, 2026 12:06 IST

    വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പുതിയ പദ്ധതി

    കേന്ദ്ര സർക്കാരിന്റെ 'മിഷൻ പൂർവോദയ' പദ്ധതിയിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കിഴക്കൻ മേഖലയുടെ സമഗ്രമായ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്.ദുർഗാപൂരിനെ ബന്ധിപ്പിച്ചുകൊണ്ട് റോഡ് സൗകര്യങ്ങളോടു കൂടിയ സംയോജിത ഈസ്റ്റ്-കോസ്റ്റ് ഇൻഡസ്ട്രിയൽ കോറിഡോർ വികസിപ്പിക്കും.

    അഞ്ച് പൂർവോദയ സംസ്ഥാനങ്ങളിലായി അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കും. ഇത് മേഖലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും.പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 4,000 ഇ-ബസ്സുകൾ അനുവദിക്കും.

    വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികൾ നിർണ്ണായകമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.



  • Feb 01, 2026 12:04 IST

    നികുതി നിയമങ്ങൾ ലഘൂകരിക്കും

    രാജ്യത്തെ നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന്  ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു



  • Feb 01, 2026 12:02 IST

    കേരളത്തിന് നെസ്റ്റിങ് സൈറ്റ്

    കേരളത്തിന് നെസ്റ്റിങ് സൈറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി. കടലോര മേഖലകളിലെ പക്ഷികളുടെയും കടലാമകളുടെയും മുട്ടയിടുന്ന ഇടങ്ങളെയാണ് നെസ്റ്റിങ് സൈറ്റ് എന്ന് വിളിക്കുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.



  • Feb 01, 2026 12:00 IST

    ധനക്കമ്മി കുറയ്ക്കും

    ഈ വർഷം ധനക്കമ്മി കുറയ്ക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനം ആക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു



  • Feb 01, 2026 11:56 IST

    സേവന മേഖലയ്ക്ക് കരുത്തേകാൻ എഡ്യൂക്കേഷൻ ടു എംപ്ലോയ്‌മെന്റ് ആൻഡ് എന്റർപ്രൈസ് സമിതി

    വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചാലകശക്തിയായി സേവന മേഖലയെ  മാറ്റുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചു. എഡ്യൂക്കേഷൻ ടു എംപ്ലോയ്‌മെന്റ് ആൻഡ് എന്റർപ്രൈസ്  എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റാൻഡിംഗ് കമ്മിറ്റി, സേവന മേഖലയിലെ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കും.

    2047-ഓടെ ആഗോള സേവന വിപണിയിൽ ഇന്ത്യയുടെ വിഹിതം പത്ത് ശതമാനമായി ഉയർത്തി രാജ്യത്തെ ഒരു ആഗോള നേതാവാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

    സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ

    • വളർച്ചയും കയറ്റുമതിയും: ഉൽപ്പാദനം, തൊഴിൽ, കയറ്റുമതി എന്നിവയിൽ പരമാവധി വളർച്ച കൈവരിക്കാൻ മുൻഗണനാ മേഖലകളെ സമിതി കണ്ടെത്തും.
    • സാങ്കേതിക ആഘാതം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ തൊഴിലവസരങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സമിതി വിലയിരുത്തും.
    • നൈപുണ്യ വികസനം: മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി തൊഴിൽ രംഗത്ത് ആവശ്യമായ പുതിയ നൈപുണ്യങ്ങളെക്കുറിച്ച് (Skills) പഠിക്കുകയും അവ നടപ്പിലാക്കാനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.
    • സേവന മേഖലയിലെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കുതിച്ചുചാട്ടം നടത്താനാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.



  • Feb 01, 2026 11:52 IST

    രാജ്യത്തെ 15,000 സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ

    രാജ്യത്തെ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് മേഖലകൾക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും 'കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

    ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണ രംഗത്ത് ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനും യുവതലമുറയ്ക്ക് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് ഈ നീക്കം. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടി സജ്ജീകരിക്കുന്ന ഈ ലാബുകൾ വിദ്യാർത്ഥികളിലെ സർഗ്ഗാത്മകതയും സാങ്കേതിക നൈപുണ്യവും വളർത്താൻ സഹായിക്കും. എവിജിസി  മേഖലയിൽ ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ലാബുകൾ ആരംഭിക്കുന്നത്.



  • Feb 01, 2026 11:50 IST

    സി.സി.യു.എസ് സാങ്കേതികവിദ്യയ്ക്ക് 20,000 കോടി രൂപയുടെ പദ്ധതിയുമായി ധനമന്ത്രി

    കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS) സാങ്കേതികവിദ്യയുടെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തേക്ക് 20,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

    വിവിധ വ്യവസായ മേഖലകളിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ വൻതുക വകയിരുത്തിയിരിക്കുന്നത്.



  • Feb 01, 2026 11:49 IST

    നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം തുടരുമെന്ന് ധനമന്ത്രി

    അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇവ ടയർ 2, ടയർ 3 വിഭാഗത്തിൽപ്പെടുന്ന നഗരങ്ങളാണ്.

    • വികസനം: ടയർ 2, ടയർ 3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകും.
    • മാനദണ്ഡം: 5 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്.



  • Feb 01, 2026 11:48 IST

    കശുവണ്ടി, കേര മേഖലകളെ പുനരുജ്ജീവിപ്പിക്കും

    കശുവണ്ടി, കേര മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു



  • Feb 01, 2026 11:39 IST

    ഇന്ത്യയെ ആഗോള സ്‌പോർട്‌സ് ഹബ്ബാക്കാൻ ലക്ഷ്യം; വൻ പ്രഖ്യാപനവുമായി ധനമന്ത്രി

    രാജ്യത്തെ കായിക ഉൽപ്പന്ന നിർമ്മാണ മേഖലയ്ക്ക് വൻ കരുത്തേകുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കായിക ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഗവേഷണത്തിനുമായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

    ഉയർന്ന ഗുണമേന്മയുള്ളതും എന്നാൽ സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ കായിക ഉപകരണങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ഗവേഷണങ്ങൾക്കും നൂതന സാങ്കേതിക വിദ്യകൾക്കും പുതിയ പദ്ധതി മുൻഗണന നൽകും.



  • Feb 01, 2026 11:36 IST

    അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ കരുത്ത്

    സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി ആറ് മേഖലകളിൽ ഇടപെടലുകൾ നടത്താൻ നിർദ്ദേശിക്കുന്നു. തന്ത്രപ്രധാന മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക, പാരമ്പര്യ വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കുക, മികച്ച എംഎസ്എംഇകളെ  വാർത്തെടുക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ കരുത്ത് പകരുക; ദീർഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, നഗര സാമ്പത്തിക മേഖലകൾ വികസിപ്പിക്കുക എന്നിവയാണവയെന്ന് ധനമന്ത്രി പറഞ്ഞു.



  • Feb 01, 2026 11:35 IST

    കേരളത്തിന് നിരാശ, അതിവേഗ റെയില്‍ പാതയില്ല

    രാജ്യത്ത് ഏഴ് ഹൈസ്‌പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പദ്ധതിയിൽ കേരളം ഇല്ല. മുംബൈ - പൂനെ,പൂനെ - ഹൈദരാബാദ്,ഹൈദരാബാദ് - ബെംഗളൂരു,ഹൈദരാബാദ് - ചെന്നൈ,ചെന്നൈ - ബെംഗളൂരു,ഡൽഹി - വാരണാസി,വാരണാസി - സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 



  • Feb 01, 2026 11:31 IST

    മരുന്ന് നിർമാണം;10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

    ഇന്ത്യയെ ആഗോള ബയോ-ഫാർമ മാനുഫാക്ചറിംഗ് ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 'ബയോ ഫാർമ ശക്തി എന്ന പദ്ധതിആവിഷ്‌കരിക്കുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ ഈ മേഖലയിൽ നിക്ഷേപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.ബയോളജിക്‌സ് , ബയോസിമിലറുകൾ  എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ ഒരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.



  • Feb 01, 2026 11:28 IST

    ചരക്കുനീക്കത്തിന് ജലഇടനാഴി

    ചരക്കുനീക്കത്തിന് ഉൾനാടൻ ജലഗതാഗത പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു



  • Feb 01, 2026 11:24 IST

    ആറ് പ്രധാന മേഖലകളിൽ സർക്കാർ ഇടപെടൽ ഉണ്ടാകും

    സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിരമാക്കുന്നതിനുമായി ആറ് പ്രധാന മേഖലകളിൽ സർക്കാർ ഇടപെടൽ നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അവ താഴെ പറയുന്നവയാണ്:

    • തന്ത്രപ്രധാന മേഖലകളിലെ ഉൽപ്പാദനം: ഏഴ് പ്രധാന മേഖലകളിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കും.
    • പാരമ്പര്യ വ്യവസായങ്ങളുടെ പുനരുജ്ജീവിനം: തളർച്ച നേരിടുന്ന പാരമ്പര്യ വ്യവസായ മേഖലകളെ പുനഃക്രമീകരിക്കും.
    • ചാമ്പ്യൻ MSME-കൾ: ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും.
    • അടിസ്ഥാന സൗകര്യ വികസനം: രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും.
    • സുരക്ഷയും സ്ഥിരതയും: ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും.
    • നഗര സാമ്പത്തിക മേഖലകൾ: നഗരങ്ങളെ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളായി വികസിപ്പിക്കും.



  • Feb 01, 2026 11:21 IST

    ഖാദി മേഖലയെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതി

    ഗ്രാമീണ മേഖലയിലെ ഖാദി-കൈത്തറി വ്യവസായത്തിന് പുത്തൻ കരുത്തേകാൻ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് യോജന' പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പരിശീലനം, നൈപുണ്യ വികസനം, ഉൽപ്പാദന വർദ്ധനവ്, ഗുണനിലവാര പരിശോധന എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.



  • Feb 01, 2026 11:12 IST

    ദീർകാല നിക്ഷേപങ്ങൾ വർധിപ്പിക്കും

    രാജ്യത്ത് ദീർഘകാല നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി



  • Feb 01, 2026 11:07 IST

    സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിർത്തി

    സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിർത്താൻ ക്രിയാത്മക നടപടികൾ കേന്ദ്ര സർക്കാർ കൈകൊണ്ടെന്ന് ബജറ്റ് അവതരണത്തിന്റെ ആമൂഖത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി



  • Feb 01, 2026 10:41 IST

    ബജറ്റിൽ വലിയ പ്രതീക്ഷയില്ലെന്ന് പ്രിയങ്ക ഗാന്ധി

    കേന്ദ്ര ബജറ്റിൽ അത്ഭുതങ്ങളൊന്നും താൻ പ്രതീക്ഷിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.



  • Feb 01, 2026 10:34 IST

    എഐ സംരംഭങ്ങൾക്ക് പ്രോത്സാഹനം ഉണ്ടാകുമോ

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകുന്ന പദ്ധതികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ



  • Feb 01, 2026 10:32 IST

    തമിഴ്‌നാടിനും ബംഗാളിനും പ്രത്യേക പാക്കേജ് ഉണ്ടാകുമോ ?

    വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ



  • Feb 01, 2026 10:24 IST

    കേന്ദ്രമന്ത്രി സഭായോഗം തുടങ്ങി

    ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി. ബജറ്റിന് ഔദ്യോഗികമായി അംഗീകാരം നൽകുന്നതിനാണ് ബജറ്റിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗം ചേരുന്നത്. 11 മണിക്കാണ് ബജറ്റ് അവതരണം



  • Feb 01, 2026 10:21 IST

    പ്രധാനമന്ത്രി പാർലമെന്റിലെത്തി

    ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ബ്ലോക്കിലെത്തി



  • Feb 01, 2026 10:19 IST

    ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രിക്ക് 'ദഹി-ചീനി' നൽകി രാഷ്ട്രപതി

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമന് മധുരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ശുഭകാര്യങ്ങൾക്ക് മുൻപായുള്ള ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാഷ്ട്രപതി ഭവനിൽ വെച്ച് ധനമന്ത്രിക്ക് രാഷ്ട്രപതി 'ദഹി-ചീനി' (തൈരും പഞ്ചസാരയും) നൽകി ആശംസകൾ നേർന്നു.നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത് ബജറ്റാണിത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന അപൂർവ്വ നേട്ടം അവർ സ്വന്തമാക്കി



  • Feb 01, 2026 10:11 IST

    കാഞ്ചീപുരം പട്ടുസാരി അണിഞ്ഞ് നിർമല സീതാരാമൻ

    രാഷ്ട്രപതി ഭവനിലേക്ക് പോകുന്നതിന് മുൻപ്, കർത്തവ്യ ഭവനിലെ ഓഫീസിന് മുന്നിൽ വെച്ച് ധനമന്ത്രി നിർമല സീതാരാമൻ തൻ്റെ ബജറ്റ് ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരുന്നു. പർപ്പിൾ നിറത്തിലുള്ള 'കട്ടം' (ചെക്കുകൾ) ഡിസൈനുള്ള കാഞ്ചീപുരം പട്ടുസാരിയാണ് അവർ ധരിച്ചിരുന്നത്. ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന ഉറയ്ക്കുള്ളിലെ ടാബ്‌ലെറ്റും അവർ കൈയ്യിൽ കരുതിയിരുന്നു.



  • Feb 01, 2026 10:08 IST

    കേരളത്തിന് എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയാൻ ആകാംക്ഷയിലെന്ന് തരൂര്‍

    കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ . "ധനമന്ത്രിക്ക് നമ്മോട് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ചയാണ് പ്രവചിക്കുന്നത്. എന്നാൽ ആ വളർച്ചയോടൊപ്പം തൊഴിലവസരങ്ങളും ഉണ്ടാകുമോ? തൊഴിലില്ലാത്ത വളർച്ച ആർക്കും ഗുണം ചെയ്യില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത് എന്ന് കാണാൻ ഞങ്ങൾക്ക് ആകാംക്ഷയുണ്ട്." അദ്ദേഹം പ്രതികരിച്ചു.



  • Feb 01, 2026 10:04 IST

    ധനമന്ത്രി പാർലമെന്റിലെത്തി

    രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയിൽ നിന്ന് ബജറ്റിന് അംഗീകാരം വാങ്ങിയതിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ബജറ്റിന് അംഗീകാരം നൽകുന്നതിന് 10.15-ന് മന്ത്രിസഭാ യോഗം ചേരും. 11 മണിക്കാണ് ബജറ്റ് അവതരണം



  • Feb 01, 2026 09:29 IST

    ബജറ്റ് 2026: ഓഹരി വിപണിയിൽ പ്രത്യേക വ്യാപാരം; നിഫ്റ്റിയും സെൻസെക്സും മാറ്റമില്ലാതെ തുടരുന്നു

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026-ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് പ്രത്യേക വ്യാപാരത്തിനായി തുറന്നു. സാധാരണയായി ശനി, ഞായർ ദിവസങ്ങളിൽ വിപണിക്ക് അവധിയാണെങ്കിലും ബജറ്റ് പ്രഖ്യാപനങ്ങളോടുള്ള തൽസമയ പ്രതികരണം കണക്കിലെടുത്താണ് ബിഎസ്ഇ (BSE), എൻഎസ്ഇ (NSE) എന്നീ എക്സ്‌ചേഞ്ചുകൾ ഇന്ന് പ്രവർത്തിക്കുന്നത്.

    വിപണിയിലെ പ്രവണതകൾ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും വലിയ മാറ്റങ്ങളില്ലാതെയാണ് (Flat) മുന്നേറുന്നത്. സെൻസെക്സ് 82,300 പോയിന്റിന് മുകളിലും നിഫ്റ്റി 25,300 പോയിന്റിന് മുകളിലുമാണ് വ്യാപാരം നടത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് കമ്മോഡിറ്റി വിപണികളിൽ വലിയ തകർച്ച രേഖപ്പെടുത്തി.

    മൾട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ച് (MCX), പ്രമുഖ വെള്ളി ഉൽപ്പാദകരായ ഹിന്ദുസ്ഥാൻ സിങ്ക് എന്നിവയുടെ ഓഹരികൾ വ്യാപാരം തുടങ്ങിയ ഉടൻ തന്നെ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലായി.



  • Feb 01, 2026 09:26 IST

    ബജറ്റുമായി ധനമന്ത്രി

    Budget 2026 nphoto
    ധനമന്ത്രി നിര്‍മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ ബജറ്റുമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം 



  • Feb 01, 2026 09:21 IST

    ആദായനികുതി ഇളവുകൾ ഇത്തവണയും തുടരുമോ?

    ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കഴിഞ്ഞ വർഷത്തെ ബജറ്റിൽ (2025-26) ആദായനികുതി ഘടനയിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ വീണ്ടും ചർച്ചയാകുന്നു. ഇടത്തരക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇളവുകൾ ഈ ബജറ്റിലും തുടരുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.



Nirmala Sitharaman Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: