/indian-express-malayalam/media/media_files/2025/08/08/gold-rate-2025-08-08-11-00-24.jpg)
Union Budget 2026: ആഭ്യന്തര വിപണിയെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾക്ക് ഊന്നൽ നൽകിയാവും കേന്ദ്ര ബജറ്റ് എന്ന വിലയിരുത്തൽ ഒരു വശത്ത് ഉയരുമ്പോൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ ഇനങ്ങളായ സ്വർണത്തിലും വെള്ളിയിലും നിർമലാ സീതാരാമൻ തൊടുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് രാജ്യം നോക്കുന്നത്. വീട്ടിൽ കൈവശം സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ പരിധിയിൽ മാറ്റമുണ്ടാവുമോ? സ്വർണ നിക്ഷേപത്തെ സംബന്ധിച്ച് 2026ലെ ബജറ്റിൽ വലിയ പ്രതീക്ഷകളാണുള്ളത്. സ്വർണത്തിലൂടെ സമ്പത്ത് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങളെ സഹായിക്കാൻ ബജറ്റിൽ പദ്ധതികളുണ്ടാവുമോ?
24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് ഇന്ത്യയിലെ വില 1.67 ലക്ഷത്തിന് അടുത്തെത്തി നിൽക്കുന്നു. 3.47 ലക്ഷം രൂപയോളമാണ് ഒരു കിലോ വെള്ളിക്ക്. വെള്ളിയാഴ്ച മുതൽ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കായി എന്തെല്ലാം പദ്ധതികൾ
2025ലെ കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വിലയിൽ രാജ്യത്ത് 100 ശതമാനം വർധനവാണ് ഉണ്ടായത്. 2026ലെ ബജറ്റിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കായി നിർമലാ സീതാരാമൻ കരുതിവെച്ചിരിക്കുന്ന പദ്ധതികൾ എന്തെല്ലാമാവും?
സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യത്തിനൊപ്പം നിൽക്കാൻ മറ്റൊരു രാജ്യത്തിനുമാവില്ല. ആഗോള തലത്തിലെ സെൻട്രൽ ബാങ്കുകളുടെ പക്കലുള്ള സ്വർണത്തിനേക്കാൾ കൂടുതൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുണ്ട്. 34,600 ടണ്ണിന് മുകളിൽ സ്വർണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ പക്കലുള്ളതെന്നാണ് കണക്ക്. സെൻട്രൽ ബാങ്കുകളുടെ പക്കലുള്ള സ്വർണം 32,140 ടൺ എന്നതാണ് 2025 ഡിസംബർ വരെയുള്ള കണക്ക്.
ആർബിഐയാണ് അടുത്തിടെ സ്വർണം വാങ്ങിക്കൂട്ടിയതിൽ മുൻപിൽ നിൽക്കുന്നത്. 880.2 ടൺ സ്വർണമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ളത്. സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ ആകെ മൂല്യം 3.8 ട്രില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഐടി നിയമപ്രകാരം കൈവശം വയ്ക്കാവുന്ന സ്വർണത്തിന് ഇന്ത്യയിൽ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ ഈ സ്വർണം വാങ്ങിയതിന്റെ പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതുണ്ട്. വിവാഹിതയായ യുവതികൾക്ക് 500 ഗ്രാം സ്വർണവും വിവാഹിതരല്ലാത്ത യുവതികൾക്ക് 250 ഗ്രാം സ്വർണവും പുരുഷന്മാർക്ക് 100 ഗ്രാം സ്വർണവും രേഖകൾ ഒന്നും കാണിക്കാതെ കൈവശം സൂക്ഷിക്കാം. ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോൾ, സ്വർണത്തിന്റെ ഉറവിടം ചോദിക്കാതെ പിടിച്ചെടുക്കാൻ പാടില്ലാത്ത പരിധിയാണിവ. ഇതിൽ കൂടുതൽ സ്വർണം ഒരാളുടെ കൈവശം ഉണ്ടെങ്കിൽ, അത് നിയമവിരുദ്ധമല്ല. പക്ഷേ, അത് വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നതിന് കൃത്യമായ രേഖകൾ ഹാജരാക്കണം.
Also Read:"ആ പ്രക്രിയ ഇനി തുടരുമെന്ന് തോന്നുന്നില്ല"; എൻസിപി ലയന ചർച്ചകളിൽ മൗനം വെടിഞ്ഞ് ശരദ് പവാർ
വിവാഹസമയത്ത് യുവതികൾക്ക് ലഭിക്കുന്ന സ്വർണം, കുഞ്ഞിന്റെ ജനനം, ജന്മദിനാഘോഷം, വിവാഹവാർഷികം ഉൾപ്പെടെയുള്ളവയ്ക്ക് ലഭിക്കുന്ന സ്വർണത്തിനും ഇതിന്റെ സ്ത്രോതസ് സംബന്ധിച്ച രേഖകളും ഹാജരാക്കേണ്ടതില്ല.
2026ലെ ബജറ്റിൽ സ്വർണ പരിധികളിൽ മാറ്റം വരുത്തുമോ
കെ എസ് ലീഗൽ ആൻഡ് അസോസിയേറ്റ്‌സിലെ മാനേജിംഗ് പാർട്ണറായ സോനം ചന്ദ്‌വാനിയുടെ വാക്കുകൾ ഇങ്ങനെ, "ബജറ്റിൽ വീടുകളിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ പരിധി പരിഷ്കരിക്കാനുള്ള ഏത് നിർദ്ദേശവും സർക്കാരിന്റെ നയപരമായ ലക്ഷ്യങ്ങളും നിലവിലെ സാഹചര്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കുന്നതാകണം. ഇന്ത്യൻ വീടുകളിലെ സ്വർണ ശേഖരം ഭൂരിഭാഗവും പതിറ്റാണ്ടുകളായി പാരമ്പര്യമായോ ആചാരപരമായോ കൈമാറിവന്ന സ്വത്താണ്. അതിനാൽ പെട്ടെന്നുള്ള മാറ്റങ്ങളോ കർശനമായ നിയന്ത്രണങ്ങളോ കൊണ്ടുവരുന്നത് ജനങ്ങളിൽ അനിശ്ചിതത്വത്തിനും നിയമപരമായ നൂലാമാലകൾക്കും കാരണമായേക്കാം."
മാറ്റങ്ങൾ വരികയാണെങ്കിൽ, അത് സ്വർണത്തിന്റെ അളവ് കുറയ്ക്കുന്നതിന് പകരം, സ്വർണത്തിന്റെ മൂല്യം കണക്കാക്കുന്ന രീതിയിലോ അല്ലെങ്കിൽ അത് വെളിപ്പെടുത്തേണ്ട പരിധിയിലോ ആകാനാണ് സാധ്യത. കൈവശം വെക്കാവുന്ന സ്വർണ്ണത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പ്രായോഗികമായ പല വെല്ലുവിളികൾക്കും വഴിതെളിച്ചേക്കാം.
Also Read: റേഷൻ കടകളിൽ ഇനി വരിനിൽക്കേണ്ട; ബിഹാറിൽ 'ഗ്രെയിൻ എടിഎമ്മുകൾ' വരുന്നു
"ആദായനികുതി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ട നിബന്ധനകൾ ബജറ്റിൽ അവതരിപ്പിച്ചേക്കാം. നിലവിൽ, 'ഷെഡ്യൂൾ AL' പ്രകാരം നിശ്ചിത പരിധിയിൽ കൂടുതൽ വരുമാനമുള്ള നികുതിദായകർ വർഷം മുഴുവനും തങ്ങളുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളുടെ മൂല്യം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സ്വർണ്ണം കൈവശം വെക്കുന്നതിലെ പരിധികൾ പ്രധാനമായും പരിശോധനകളോ റെയ്ഡുകളോ നടക്കുമ്പോഴാണ് ബാധകമാകുന്നത്. എന്നാൽ ശരിയായ രേഖകൾ കൈവശമുണ്ടെങ്കിൽ നിശ്ചയിച്ചിട്ടുള്ള അളവിലും കൂടുതൽ സ്വർണം ഒരാൾക്ക് സൂക്ഷിക്കാവുന്നതാണ്," സോനം ചന്ദ്‌വാനി ചൂണ്ടിക്കാണിച്ചു.
സ്വർണത്തിന്റെ നികുതി ഘടന
പാരമ്പര്യമായി ലഭിക്കുന്ന സ്വർണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. എന്നാൽ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും മറ്റ് ചില നിയമങ്ങളും നികുതികളും ബാധകമാണ്.
പാൻ കാർഡ് നിബന്ധന: 2 ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം വാങ്ങുകയാണെങ്കിൽ പാൻ കാർഡ് വിവരങ്ങൾ നൽകണം. 2026ലെ ബജറ്റിൽ ഈ പരിധി വർധിപ്പിക്കാനിടയുണ്ട് എന്നാണ് സൂചന.
ജി.എസ്.ടി: സ്വർണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ അല്ലെങ്കിൽ സ്വർണ ബിസ്കറ്റുകളോ വാങ്ങുകയാണെങ്കിൽ മൂന്ന് ശതമാനം ജി.എസ്.ടി ബാധകമാണ്.
നിർമ്മാണ കൂലിയിലെ നികുതി: സ്വർണാഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ അതിന്റെ പണിക്കൂലിക്ക് മേൽ അധികമായി 5% ജി.എസ്.ടി കൂടി ഈടാക്കുന്നതാണ്.
സ്വർണ വിൽപ്പനയിലെ ലാഭവിഹിത നികുതി
സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേൽ പ്രധാനമായും രണ്ട് തരത്തിലുള്ള നികുതികളാണ് ഈടാക്കുന്നത്:
ദീർഘകാല മൂലധന നേട്ട നികുതി: പഴയ സ്വർണാഭരണങ്ങൾ രണ്ട് വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ, 'ഇൻഡക്സേഷൻ' ആനുകൂല്യം കൂടാതെ 12.5 ശതമാനം നികുതി നൽകണം.
ഹ്രസ്വകാല മൂലധന നേട്ട നികുതി: സ്വർണം വാങ്ങിയ ശേഷം കുറഞ്ഞ കാലയളവിനുള്ളിൽ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികുതി 15 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
ഗോൾഡ് ഇ.ടി.എഫ് നികുതി
നിക്ഷേപമെന്ന നിലയിൽ ഗോൾഡ് ഇ.ടി.എഫുകൾ വാങ്ങുന്നവർക്ക് താഴെ പറയുന്ന നികുതികൾ ബാധകമാണ്:
ഹ്രസ്വകാല നേട്ടം: 12 മാസത്തിൽ താഴെ കാലയളവ് കൈവശം വെച്ച ശേഷം വിൽക്കുകയാണെങ്കിൽ ലാഭം നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തപ്പെടും.
ദീർഘകാല നേട്ടം: 12 മാസത്തിൽ കൂടുതൽ കാലയളവ് കൈവശം വെച്ച ശേഷം വിൽക്കുകയാണെങ്കിൽ, 12.5 ശതമാനം എന്ന നിരക്കിൽ സ്ഥിരമായ നികുതി നൽകണം.
Read More: ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us