ന്യൂഡൽഹി: നിക്ഷേപങ്ങൾക്കുളള ഇൻഷുറൻസ് പരിരക്ഷ 1 ലക്ഷത്തിൽനിന്നും 5 ലക്ഷമാക്കി ഉയർത്തി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണവേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ (DICGC) ആക്ട് അനുസരിച്ചാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ബാങ്ക് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതേറെ ആശ്വാസം നൽകുന്നതാണ്.
നിലവിൽ 1 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നത്. 1993 മേയിലാണ് ഇത് തീരുമാനിച്ചത്. എന്നാൽ ഇനി മുതൽ മൂലധനവും പലിശയും ഉൾപ്പെടെ 5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒന്നിൽ കൂടുതൽ ബാങ്കുകളിൽ നിക്ഷേപം നടത്തിയാലും ഈ പരിരക്ഷ ലഭിക്കും.
Income tax slabs 2020-21: പുതിയ ആദായനികുതി റേറ്റുകള്‍ ഇങ്ങനെ
ഇൻഷുറൻസ് പരിരക്ഷ 1 ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തിയത് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് ബാങ്ക്ബസാർ ഡോട് കോം സിഇഒ ആദിൽ ഷെട്ടി പറഞ്ഞു. വാർധക്യ കാലത്ത് സ്ഥിര വരുമാന ആവശ്യങ്ങൾക്കായി നിക്ഷേപ പലിശയെ ആശ്രയിക്കുന്ന നിക്ഷേപകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഇത് തീർച്ചയായും സുരക്ഷിതത്വബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.