ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനു മാത്രമേ നികുതി ചുമത്തുകയുള്ളൂവെന്നു ധനമന്ത്രാലയം വ്യക്തമാക്കി.

വിദേശ ഇന്ത്യക്കാര്‍ നല്‍കേണ്ട നികുതി സംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഗള്‍ഫില്‍ ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു പ്രവാസികളെ ദോഷകരമായി ബാധിക്കുന്നതാണു ബജറ്റ് നിര്‍ദേശമെന്നു പരക്കെ വിലയിരുത്തപ്പെട്ടിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിനു നികുതി നല്‍കേണ്ടിവരുമെന്നായിരുന്നു ആശങ്ക. ഈ പശ്ചാത്തലത്തിലാണു ധനമന്ത്രാലയത്തിന്റെ വിശദീകരണം.

വിദേശത്തു താമസിക്കുന്ന, ഒരു രാജ്യത്തും ആദായനികുതി നല്‍കാത്ത ഇന്ത്യക്കാര്‍ക്കു നികുതി ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയാണു ബജറ്റിലുള്ളത്. എന്നാലത് ഇന്ത്യയിലെ വരുമാനത്തിനു മാത്രം നികുതി ഈടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു ധനമന്ത്രാലയം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

Read Also: New Income Tax slabs — Budget 2020: പുതിയ ആദായ നികുതി ഇളവുകളില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍

”പുതിയ വ്യവസ്ഥ മറ്റു രാജ്യങ്ങളിലെ തൊഴിലാളികളായ ഇന്ത്യന്‍ പൗരന്മാരെ നികുതി ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന, അവിടുത്തെ വരുമാനത്തിന് അവിടങ്ങളില്‍ നികുതി നല്‍കാത്ത ഇന്ത്യക്കാര്‍ക്ക് ഇവിടെ നികുതി ചുമത്തുമെന്ന ധാരണ സൃഷ്ടിക്കുന്ന തരത്തിലാണു മാധ്യമങ്ങളില്‍ ഒരു വിഭാഗം പുതിയ വ്യവസ്ഥ വ്യാഖ്യാനിച്ചത്. ഈ വ്യാഖ്യാനം തെറ്റാണ്, ”പ്രസ്താവനയില്‍ പറയുന്നു.

പ്രവാസികള്‍ക്ക് ഇന്ത്യയില്‍നിന്നുളള വരുമാനത്തിന് ഇവിടെ നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

”എന്‍ആര്‍ഐ ഇന്ത്യയില്‍നിന്നുണ്ടാക്കിയ വരുമാനത്തിനു നികുതി ചുമത്തുകയാണു ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തുനിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണു നികുതി അടയ്ക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ ഒരു സ്വത്തുണ്ടെങ്കില്‍ അതില്‍നിന്നു വാടകയുമുണ്ടെങ്കില്‍, എന്നാല്‍ നിങ്ങള്‍ വിദേശത്ത് താമസിക്കുന്നതിനാല്‍ അവിടെയും ഇവിടെയും നികുതി നല്‍കുന്നില്ല. വസ്തു ഇന്ത്യയിലായതിനാല്‍ നികുതി ചുമത്താനുള്ള പരമമായ അവകാശം എനിക്കുണ്ട്” അവര്‍ പറഞ്ഞു.

”നിങ്ങള്‍ ദുബായില്‍ സമ്പാദിക്കുന്നതിനു ഞാന്‍ നികുതി ചുമത്തുന്നില്ല. പക്ഷേ ഇവിടെ നിങ്ങൾ വാടകയ്ക്കു നല്‍കുന്ന സ്വത്തില്‍നിന്ന് വരുമാനം ലഭിക്കുന്നു. അതാണ് പ്രശ്നം,”നിര്‍മല സീതാരാമന്‍ പറഞ്ഞു.

Read Also: സ്വകാര്യവത്കരണം; അടിസ്ഥാനസൗകര്യ വികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍

പ്രവാസികളിൽനിന്ന് ആദായനികുതി ഈടാക്കുന്നതിന് വിദേശ ഇന്ത്യക്കാരുടെ (നോണ്‍ റസിഡന്റ് ഇന്ത്യന്‍സ്) നിര്‍വചനത്തില്‍ മാറ്റംവരുത്തിയതായി ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷം 240 ദിവസത്തിലധികം വിദേശത്തു താമസിക്കുന്ന വ്യക്തിയെ മാത്രമേ വിദേശ ഇന്ത്യക്കാരനായി കണക്കാക്കൂ. ഇതുവരെ വിദേശത്ത് 182 ദിവസം താമസിക്കുന്നവര്‍ക്ക് എന്‍ആര്‍ഐ ആനുകൂല്യം ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook