Budget 2020 Highlights: ന്യൂഡല്‍ഹി: മധ്യവര്‍ഗക്കാരെ പ്രീതിപ്പെടുത്താന്‍ ആദായനികുതി ഘടനാ പരിഷ്‌കാരം, എല്‍ഐസി, ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം എന്നിങ്ങനെ വിവിധ മാനങ്ങളുള്ളതാണു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്.

ആറുവര്‍ഷത്തെ ഏറ്റവും താഴ്ച ജിഡിപി വളര്‍ച്ചയുമായി സമ്പദ്‌വ്യവസ്ഥ കിതയ്ക്കുന്നതിനിടയിലാണു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക കമ്മി ലക്ഷ്യം ജിഡിപിയുടെ 3.8 ശതമാനമാണ്. ബാങ്ക് നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തി.

അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതിയില്ലെന്നു ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗത്തിന് വളരെ സന്തോഷം നല്‍കുന്നതാണ്. ആദായനികുതി ഘടനാ പരിഷ്‌കാരം ഇങ്ങനെ: അഞ്ചു മുതല്‍ 7.5 ലക്ഷം വരെ- 10 ശതമാനം. 7.5 മുതല്‍ 10 ലക്ഷം വരെ -15 ശതമാനം. 10 മുതല്‍ 12.5 ലക്ഷം വരെ- 20 ശതമാനം, 12.5 മുതല്‍ 15 ലക്ഷം വരെ-25 ശതമാനം. 15 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് നികുതി 30 ശതമാനമാണ്.

ബജറ്റ് ഒറ്റനോട്ടത്തില്‍:

2006-2016 കാലയളവില്‍ 271 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിനു പുറത്താണ്. ഇക്കാര്യത്തില്‍ നാം അഭിമാനിക്കണമെന്നു ധനമന്ത്രി.

1950 കളില്‍ നാലു ശതമാനത്തിലധികമായിരുന്ന വളര്‍ച്ച 2014-19 കാലയളവില്‍ 7.4 ശതമാനമായി ഉയര്‍ന്നു.

ജിഎസ്ടി പ്രകാരം 60 ലക്ഷം പുതിയ നികുതിദായകരും 105 കോടി ഇ-വേ ബില്ലുകളുമുണ്ടായി. ജിഎസ്ടി നിരക്ക് കുറച്ചതിനാല്‍ കുടുംബങ്ങള്‍ ഇപ്പോള്‍ പ്രതിമാസ ചെലവിന്റെ നാല് ശതമാനം ലാഭിക്കുന്നു.

പൊതുകടം 52.2 ശതമാനത്തില്‍നിന്ന് 2019 ല്‍ ജിഡിപിയുടെ 48.7 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു.

പ്രധാൻമന്ത്രി ഫസല്‍ ഭീമ യോജനയുടെ കീഴില്‍ ആറു കോടിയിലധികം കര്‍ഷകര്‍ക്ക് ഇന്‍ഷുര്‍ ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ ഊര്‍ജ രക്ഷാ സുരക്ഷ, ഉത്തന്‍ മഹാഭിയാന്‍ എന്നിവ വിപുലീകരിക്കും. 20 ലക്ഷം കര്‍ഷകര്‍ക്കു സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നു.

കാര്‍ഷികോത്പന്നങ്ങള്‍ കേടുകൂടാതെ കൊണ്ടുപോകാന്‍ സ്വകാര്യ-പൊതു പങ്കാളിത്ത മാതൃകയില്‍ കിസാന്‍ റെയില്‍ പദ്ധതി. കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുപോകാന്‍, കിസാന്‍ ഉഡാന്‍ പദ്ധതി. കാര്‍ഷികോത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിനു പദ്ധതി.

2020-21 വര്‍ഷത്തെ കാര്‍ഷിക ക്രെഡിറ്റ് ലക്ഷ്യം 15 ലക്ഷം കോടി രൂപ.

ആരോഗ്യസംരക്ഷണ മേഖലയ്ക്കു 69,000 കോടി രൂപ

2021 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസത്തിനായി 99,300 കോടി രൂപ. പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇന്‍ഡ്യ-സാറ്റ് പരീക്ഷയും ദരിദ്രര്‍ക്കായി ബിരുദതല ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയും ആരംഭിക്കും. നൈപുണ്യ വികസനത്തിനായി മൊത്തം 3,000 കോടി രൂപ.

സ്വച്ഛ് ഭാരത് മിഷന് 12,300 കോടി രൂപ. വീടുകളില്‍ ജലവിതരണത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ ‘നല്‍ സേ ജല്‍’ പദ്ധതിക്കു 3.6 ലക്ഷം കോടി രൂപ

1,480 കോടി രൂപ മുതല്‍ മുടക്കില്‍ ദേശീയ ടെക്‌സ്‌റ്റൈല്‍ മിഷന്‍

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 9,000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴി. സീതാരാമന്‍. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ സ്ഥാപിക്കും. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023 ഓടെ പൂര്‍ത്തിയാക്കും.

റെയില്‍വേ സ്റ്റേഷനുകളില്‍ 550 വൈഫൈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ലിങ്ക് ലഭ്യമാക്കും. ഭാരത്‌നെറ്റ് പദ്ധതിക്കായി 6,000 കോടി രൂപ

Income tax slabs 2020-21: പുതിയ ആദായനികുതി റേറ്റുകള്‍ ഇങ്ങനെ

വ്യവസായ വാണിജ്യ വികസനത്തിന് 27,300 കോടി രൂപ.

മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിനായി പുനരുപയോഗ ഊര്‍ജ മേഖലയ്ക്കായി 20,000 കോടി രൂപ. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ആരംഭിക്കും.

2025 ഓടെ 100 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കും. നാഷണല്‍ മിഷന്‍ ഓണ്‍ ക്വാണ്ടം കമ്പ്യൂട്ടിങ് ആന്‍ഡ് ടെക്നോളജിക്ക് 8,000 കോടി രൂപ.

പോഷകാഹാരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 35,600 കോടി രൂപ. പട്ടികജാതിക്കാരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനു 85,000 കോടി രൂപ. ടൂറിസം പ്രമോഷന് 2500 കോടി രൂപ.

‘ബേഠി ബച്ചാവോ ബേഠി പഠാവോ’യ്ക്കു കീഴില്‍ പെണ്‍കുട്ടികള്‍ക്കുള്ള എന്റോള്‍മെന്റ് ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്നതാണെന്ന് സീതാരാമന്‍. പെണ്‍കുട്ടികളുടെ മൊത്തം പ്രവേശനം പ്രൈമറി തലത്തില്‍ 94.32 ശതമാനവും സെക്കന്‍ഡറി തലത്തില്‍ 81.32 ശതമാനവും ഉന്നത തലത്തില്‍ 59.7 ശതമാനവുമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 28,600 കോടി രൂപ അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ദിവ്യാങ്ങിനുമായി 9500 കോടി രൂപ അനുവദിക്കും.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ 4,400 കോടി രൂപ. കഴിഞ്ഞ വര്‍ഷം സാഹചര്യത്തെ ‘അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്’ എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു.

ബാങ്ക് നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തി.

രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2014-19ല്‍ 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ 190 ബില്യണ്‍ ഡോളറായിരുന്നു.

ചെറുകിട കയറ്റുമതിക്കാര്‍ക്കു മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും പ്രീമിയം കുറയ്ക്കാനും നിര്‍വിക് (നിരാത് റിന്‍ വികാസ് യോജന) പദ്ധതി.

Budget 2020 Highlights: നികുതി ഇളവ്, എൽഐസി ഓഹരി വിറ്റഴിക്കൽ; കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 3.8 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യം. 2021ല്‍ 3.5 ശതമാനമാണു ധനക്കമ്മി ലക്ഷ്യം.

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരിയില്‍ ഒരു ഭാഗം വിറ്റഴിക്കും. ഐഡിബിഐ ബാങ്കിലെ ഓഹരിയും വില്‍ക്കും.

2020-21ല്‍ ജിഡിപി വളര്‍ച്ച കണക്കാക്കിയിരിക്കുന്നത് 10 ശതമാനം.

പുതിയ ആദായനികുതി നിരക്കുകള്‍: 5 ലക്ഷം മുതല്‍ 7.5 ലക്ഷം ഇടയിലുള്ള വരുമാനത്തിന് 10 ശതമാനം, 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ-15 ശതമാനം, 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ-20 ശതമാനം, 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ-25 ശതമാനം, 15 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനത്തിന് 30 ശതമാനം.

ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ ഖജനാവിന് 48,000 കോടി രൂപ നഷ്ടം വരുമെന്ന് ധനമന്ത്രി. ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കും. സ്വീകര്‍ത്താക്കളുടെ പക്കല്‍നിന്ന് ഡിവിഡന്റിന് നികുതി ഈടാക്കും.

നിക്ഷേപം വര്‍ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥ ഉയര്‍ത്താനുമായി കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. അടിസ്ഥാന പദ്ധതികളിലെ നിക്ഷേപത്തിന് പരമാധികാര സ്വത്ത് ഫണ്ടുകള്‍ക്ക് 100 ശതമാനം നികുതി ഇളവ്. വൈദ്യുതി ഉല്‍പ്പാദന കമ്പനികള്‍ക്ക് 15 ശതമാനം നികുതി ഇളവ്.

ഭവനവായ്പാ പലിശയ്ക്ക് മാര്‍ച്ച് വരെ 1.5 ലക്ഷം രൂപയുടെ അധിക നികുതി ആനുകൂല്യം. മറ്റൊരു പ്രോത്സാഹനമായി, ഭവന നിര്‍മാതാക്കള്‍ക്കു നികുതി അവധി.

വിവിധ ഫോറങ്ങളില്‍ അപ്പീലുകള്‍ സമര്‍പ്പിച്ച പ്രത്യക്ഷ നികുതിദായകര്‍ക്കായി ‘വിവാദ് സേ വിശ്വാസ്’ പദ്ധതി. വിവിധ അപ്പലറ്റ് ഫോറങ്ങളില്‍ 4.83 കേസുകളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. മാര്‍ച്ച് 31 നകം പദ്ധതി പ്രയോജനപ്പെടുത്തിയാല്‍ പലിശയും പിഴയും പൂര്‍ണമായി എഴുതിത്തള്ളും.

കേന്ദ്രനികുതിയുടെ സംസ്ഥാന വിഹിതം ധനകാര്യ കമ്മിഷന്‍ കുറച്ച് ഒരു ശതമാനം കുറച്ച് 41 ശതമാനമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook