Income Tax Slabs & Tax Rate FY 2020-21: ന്യൂഡല്‍ഹി: ഏവരും ഉറ്റുനോക്കിയതുപോലെ ആദായനികുതി ഘടനയില്‍ സമൂലമാറ്റം വരുത്തിക്കൊണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കി. അഞ്ചിനു മുകളില്‍ മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാണ് ഇനി ആദായനികുതി.

7.5 മുതല്‍ 10 വരെ 15 ശതമാനം. 10 മുതല്‍ 12.5 വരെ 20 ശതമാനം. 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്‌കരിച്ചത്. ആദായനികുതി റിട്ടേണ്‍ നടപടികള്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Read Also: Budget 2020 LIVE updates: പരിധി ഉയർത്തി, 5 ലക്ഷംവരെ ആദായനികുതി ഇല്ല

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെയാണു സര്‍ക്കാര്‍ ആദായനികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു ശ്രദ്ധേയമാണ്. നികുതി ഘടന പരിഷ്‌കരിച്ചതിലൂടെ 40,000 കോടി രൂപയുടെ വരുമാന നഷ്ടമാണു സര്‍ക്കാരിനുണ്ടാവുകയെന്ന് ധനമന്ത്രി പറഞ്ഞു.

കോര്‍പറേറ്റ് നികുതിയും കുറച്ചിട്ടുണ്ട്. പുതിയ സംരംഭകര്‍ക്ക് 15 ശതമാനവും നിലവിലുള്ള സംരംഭകര്‍ക്ക് 22 ശതമാനവും ഇനി കോര്‍പ്പറേറ്റ് നികുതി. അഞ്ചുകോടി രൂപ വരെ വരുമാന കമ്പനികൾക്ക് ഓഡിറ്റിങ് വേണ്ട.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം രണ്ടു ഘട്ടുമായി നല്‍കുമെന്നു ധനമന്ത്രി പറഞ്ഞു. എല്‍ഐസിയിലെ സര്‍ക്കാരിന്റെ ഓഹരികളില്‍ ഒരു ഭാഗം വില്‍ക്കും. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികളും വില്‍ക്കും.

Read Also:വരുമാനം കൂട്ടും; പുതിയ വിദ്യാഭ്യാസ നയം ഉടന്‍

ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍.
പിപിപി മാതൃകയില്‍ 150 പുതിയ ട്രെയിനുകള്‍. കൂടുതല്‍ തേജസ് ട്രെയിനുകള്‍. റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമം തുടരും. ഡല്‍ഹി-മുംബൈ എക്സ്പ്രസ് ഹൈവേ നിര്‍മാണം 2023 ഓടെ പൂര്‍ത്തിയാക്കും. വ്യവസായ മേഖലയുടെ വികസനത്തിന് 27300 കോടി.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കടം കുറഞ്ഞു. 2014-ല്‍ 52.2 ശതമാനമായിരുന്ന കടം 2019-ല്‍ 48.7 ശതമാനമായാണു കുറഞ്ഞതെന്നു ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook