ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപായുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റിൽ കർഷകർക്ക് സഹായം നൽകാൻ പദ്ധതി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകും. രണ്ട് ഹെക്ടറിനു താഴെ ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക.

ഈ പദ്ധതി 12 കോടി കർഷക കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 2018 ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും. ആദ്യ ഗഡു ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപായി നൽകും. ”മൂന്നു ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. ഈ പദ്ധതിയുടെ ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുക. 12 കോടി കർഷക കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും. അർഹരായവരുടെ പട്ടിക തയാറാക്കിയശേഷം അധികം വൈകാതെ തന്നെ ആദ്യ ഗഡു നൽകും,” ധനസഹമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

Budget 2019 Live:പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് 75000 കോടി; ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി കുറയ്ക്കും

പദ്ധതി കേന്ദ്രസർക്കാരിന് പ്രതിവർഷം 75,000 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുക. നടപ്പ് സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് ഗോയൽ പറഞ്ഞു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്കു പുറമേ മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരരന്റി ആക്ട് പദ്ധതിക്കായി 60,000 കോടി മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 2 ഹെക്ടറിന് താഴെ 12.56 കോടി കർഷക കുടുംബങ്ങളാണുള്ളത്. 6,000 രൂപ വീതം പ്രതിവർഷം നൽകുന്നതിനാായി 75,360 കോടി രൂപ വേണ്ടിവരും. തെലങ്കാന സർക്കാരിന്റെ റിതു ബന്ധു പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി. തെലങ്കാന സർക്കാരിന്റെ പദ്ധതി വഴി ഒരു ഏക്കറിന് പ്രതിവർഷം 8,000 രൂപയാണ് നൽകുന്നത്. ഈ പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് ഭൂമിപരിധിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook