ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ലോക്‌സഭയിൽ മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ൽ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റിന് പ്രാധാന്യമേറെയായിരുന്നു.

ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുളള ആദ്യ ബജറ്റെന്ന സവിശേഷതയും ഇത്തവണത്തെ കേന്ദ്രബജറ്റിനുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 7 നും 7.5 ശതമാനത്തിനും ഇടയിൽ സാമ്പത്തിക വളർച്ച ഉന്നമിടുന്ന സാമ്പത്തിക വളർച്ച സർവ്വേ തിങ്കളാഴ്ചയാണ് പാർലമെന്റിന് മുന്നിൽ വച്ചത്. കാർഷിക മേഖലയ്ക്കും കർഷകർക്കും ഊന്നൽ നൽകിക്കൊണ്ടുളളതായിരുന്നു ഇത്തവണത്തെ ബജറ്റ്.

ബജറ്റ് 2018

12.50pm: ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം അവസാനിച്ചു.

12.47pm: വിദേശ നിർമ്മിത മൊബൈൽ ഫോണുകളുടെ കസ്റ്റംസ് നികുതി 15 മുതൽ 20 ശതമാനം വരെ വർദ്ധിക്കും. 

12.45 pm: ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന 50000 രൂപ വരെയുളള പലിശ വരുമാനത്തിന് നികുതി നൽകേണ്ട.

12.42 pm: ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകില്ല.

12.38 pm: 2018-19 വർഷത്തിലെ ധനക്കമ്മി 3.3 ശതമാനമാക്കുമെന്ന് ധനമന്ത്രി.

12.35 pm: വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി 50000 കോടി നീക്കിവച്ചു.

12.32 pm: എല്ലാ അഞ്ചുവർഷത്തിലും പാർലമെന്റംഗങ്ങളുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കും.

12.28 pm: പേഴ്സണൽ വരുമാന നികുതിയിലൂടെ അധികമായി നേടിയത് 90000 കോടി.

12.25 pm: രാജ്യത്തെ നികുതിയടക്കുന്നവരുടെ എണ്ണം 8.27 കോടി.

12.20 pm: ക്രിപ്റ്റോ കറൻസികൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി.

12.20 pm: 24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം  ദേശീയ ഭവന പദ്ധതിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ സർക്കാർ ഏറ്റെടുക്കും.

12.19 pm: രാഷ്ട്രപതിയുടെ വേതനം അഞ്ച് ലക്ഷം, ഉപരാഷ്ട്രപതിക്ക് നാല് ലക്ഷം, ഗവർണ്ണർമാർക്ക് മൂന്നര ലക്ഷം രൂപയും വേതനം.

12.18 pm: 80000 കോടിയുടെ പൊതുമേഖലാ ഓഹരികൾ അടുത്ത സാമ്പത്തിക വർഷത്തിൽ വിറ്റഴിക്കും

12.14 pm: പൊതുമേഖലാ സ്ഥാപനങ്ങളായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ് കമ്പനി എന്നിവ കൂട്ടിച്ചേർത്ത് ഒറ്റ സ്ഥാപനമാക്കും.

12.11 pm: ആദ്യത്തെ മൂന്ന് വർഷം എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടിൽ തൊഴിലാളികളുടെ ഇപിഎഫ് വിഹിതം സർക്കാർ നൽകും.

12.09 pm: ചെറുകിട-ഇടത്തരം സംരംഭകരുടെ കിട്ടാക്കടങ്ങൾ എഴുതിതള്ളാൻ നടപടി. മുദ്ര പദ്ധതി 2019 ൽ മൂന്ന് ലക്ഷം കോടിയായി നിജപ്പെടുത്തി. നവസംരംഭകർക്ക് മൂലധനം നൽകുന്ന ഏയ്ഞ്ചൽ നിക്ഷേപകർക്ക് സഹായം.

12.08 pm: 5 കോടിയോളം ഗ്രാമീണ ജനങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ 5 ലക്ഷം കേന്ദ്രങ്ങളിൽ വൈഫൈ സേവനങ്ങൾ ലഭ്യമാക്കും.  ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്കായി 3073 കോടി.

12.07 pm: എല്ലാ തീവണ്ടികളിലും സിസിടിവിയും വൈഫൈ സേവനവും ഉറപ്പാക്കും. 4000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കും.

12.06 pm: 50 ലക്ഷം യുവാക്കളുടെ തൊഴിൽ ശേഷി വികസിപ്പിക്കാൻ പ്രത്യേക പദ്ധതി.

12.04 pm: രാജ്യത്ത് എയർപോർട്ട് അതോറിറ്റിക്ക് 142 വിമാനത്താവളങ്ങളുണ്ട്. രാജ്യത്തു നിന്ന് പുറത്തേക്കുളള വിമാനയാത്രകൾ ഒരു ബില്യണാക്കി ഉയർത്താൻ എർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ശുപാർശ ചെയ്യും.

12.00 noon: രാജ്യത്ത് 3600 കിലോമീറ്റർ റെയിൽവേ ട്രാക്ക് നവീകരിക്കാൻ പദ്ധതി. 600 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും. ബെംഗളൂരുവിൽ 160 കിലോമീറ്റർ സബർബൻ പദ്ധതിക്ക് 17000 കോടി.

11.58 am: മുംബൈ റയിൽവേയുടെ സമഗ്രവികസനത്തിന് 40000 കോടിയുടെ പദ്ധതി.

11.57 am: 9000 കോടിയുടെ ദേശീയ പാത വികസനത്തിന് പദ്ധതി. 25000ത്തിലധികം യാത്രക്കാർ വരുന്ന റെയിൽവേ സ്റ്റേഷനുകളിൽ എസ്കലേറ്റർ സൗകര്യം.

11.55 am: ഗ്രാമീണ മേഖലയിൽ 14.34 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം.

11.52 am: രാജ്യത്ത് നൂറ് നഗരങ്ങളിൽ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാൻ 2.04 ലക്ഷം കോടി.10 വിനോദസഞ്ചാര നഗരങ്ങളെ വിനോദസഞ്ചാര ഐക്കണുകളായി വികസിപ്പിക്കാൻ പദ്ധതി.

11.49 am: എസ്‌സി വിഭാഗത്തിന് 279 പദ്ധതികൾ. 56619 കോടി ഇതിനായി നീക്കിവയ്ക്കും. എസ് ടി വിഭാഗത്തിന് 305 പദ്ധതികൾ 39135 കോടിയുടെ സഹായം.

11.45 am: ടിബി രോഗികൾക്ക് ന്യൂട്രീഷൻ നൽകാൻ 600 കോടിയുടെ പദ്ധതി.

11.43am: ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ പ്രതിവർഷം ലഭിക്കുന്ന രീതിയിൽ പത്ത് കോടി കുടുംബങ്ങളെ ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി. ഇത് 50 കോടി ജനങ്ങൾക്ക് ഉപകാരപ്പെടും.

11.42 am: ഓരോ മൂന്ന് ലോക്‌സഭ മണ്ഡലങ്ങൾക്കുമായി മെഡിക്കൽ കോളേജുകൾ. ഓരോ സംസ്ഥാനത്തിലും കേന്ദ്രസർക്കാർ മെഡിക്കൽ കോളേജുകൾ വേറെയും സ്ഥാപിക്കും. 24 പുതിയ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.

11.41 am: 2022 ഓടെ രാജ്യത്തെ ആതുരമേഖലയെ ശക്തിപ്പെടുത്തുമെന്നും ഇതിനായി ആയുഷ്മാൻ ഭരത് പരിപാടി ആവിഷ്കരിക്കുമെന്നും കേന്ദ്ര ധനമന്ത്രി.

11.38 am: രാജ്യത്തെ പത്തുകോടി പാവപ്പെട്ടവർക്കായി ദേശീയ ആരോഗ്യ പരിരക്ഷ പദ്ധതി.

11.36 am: വഡോദരയിൽ റെയിൽവേ യൂണിവേഴ്സിറ്റി. ആദിവാസി വിദ്യാർത്ഥികൾക്കായി ഏകലവ്യ സ്കൂളുകൾ. 1000 മികച്ച ബിടെക് വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ ഫെല്ലോഷിപ്പോടുകൂടി ഉന്നത വിദ്യാഭ്യാസത്തിന് പദ്ധതി.

11.33 am: വിദ്യാഭ്യാസ മേഖലയിൽ നാല് വർഷത്തേക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി. അദ്ധ്യാപകരാകാൻ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്റഗ്രേറ്റഡ് ബിഎഡ് പദ്ധതി. വിദ്യാഭ്യാസത്തിനുളള അവകാശം ശക്തിപ്പെടുത്താൻ 13 ലക്ഷം അദ്ധ്യാപകർക്ക് പരിശീലനം നൽകും.

11.32 am: 2022 ഓടെ രാജ്യത്ത് എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്ന് അരുൺ ജെയ്റ്റ്‌ലി.

11.31 am: നാഷണൽ ലൈവിലിഹുഡ് മിഷന് 5750 കോടി.

11.30 am: അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്ത് സ്വച്ഛ് ഭാരത് മിഷനിലൂടെ രണ്ട് കോടി കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കും. ഗ്രാമീണ മേഖലയിലും ശുചിത്വ പരിപാടികൾക്ക് സാമ്പത്തിക സഹായം.

11.28 am: ഉജ്ജ്വല യോജന വഴി 8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ.

11.25 am: ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സർക്കാരുകൾക്ക് സഹായം.

11.24 am: ആനിമൽ ഹസ്ബന്ററി ഫണ്ട്, ഫിഷറി ഡവലപ്മെന്റ് ഫണ്ട് എന്നിവയ്ക്കായി 10000 കോടി.

11.23 am: കർഷകർക്ക് വേണ്ടി റീട്ടെയിലായി മിതമായ നിരക്കിൽ സൗരോർജ്ജം വാങ്ങുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകും.

11.22am: കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തും.

11.21 am: കാർഷിക മേഖലയ്ക്ക് അടുത്ത സാമ്പത്തിക 11 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം

11.20 am: ബാംബൂ മേഖലയ്ക്ക് 1290 കോടിയുടെ പ്രത്യേക പദ്ധതി.

11.19 am: ഭക്ഷ്യ സംസ്കരണ മേഖലയിൽ 8 ശതമാനത്തിലേറെയാണ് വളർച്ച. ഇതിനെ ഒന്നുകൂടി ഊർജ്ജിതമാക്കാൻ ഇടപെടും. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ആവശ്യം മുൻനിർത്തി ഇവയുടെ ഉൽപ്പാദനം, സംസ്കരണം, ശേഖരണം വിതരണം എന്നിവയ്ക്കായി ഓപ്പറേഷൻ ഗ്രീൻ അലോക്കേഷന് വേണ്ടി 500 കോടി മുതൽമുടക്കും.

11.18 am: അഗ്രി മാർക്കറ്റുകൾക്കായി 2000 കോടി നീക്കിവയ്ക്കും. വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും.

11.17 am: രാഷ്ട്രീയമായ തിരിച്ചടികളെ കുറിച്ച് ആകുലപ്പെടാതെ ആത്മാർത്ഥമായാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

11.16 am: ജെയ്റ്റ്‌ലിയുടെ വാദങ്ങളെ പരിഹസിച്ച് പ്രതിപക്ഷത്തിന്റെ കമന്റ്. കർഷകരുടെ വരുമാനം വർദ്ധിച്ചെന്ന് പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

11.15 am: കർഷകരോടും സാധാരണക്കാരോടും ഉത്തരവാദിത്തം പുലർത്തുന്ന സർക്കാരാണിതെന്ന് അരുൺ ജെയ്റ്റ്‌ലി. വിളകൾക്ക് മികച്ച വില ഉറപ്പുവരുത്താനുളള പദ്ധതികൾ ഫലം കണ്ടുവെന്നും ഉയർന്ന വരുമാന വർദ്ധനവ് കർഷകർക്ക് ഉണ്ടായെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

11.13 am: വിദേശ നിക്ഷേപം വർദ്ധിച്ചുവെന്നും ലോകത്തെ ഏഴാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നുവെന്നും ധനമന്ത്രി.

11.10 am: ഈ വർഷത്തെ ബജറ്റ് രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും പുരോഗതിയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുളളതാണ്. കൃഷിക്കും വിദ്യാഭ്യാസത്തിനും വികസനത്തിനും ഊന്നൽ നൽകും.

11.07 am: അടുത്ത സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം സാമ്പത്തിക വളർച്ച സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രിയുടെ പ്രസംഗം.

11.05 am: ഡിമോണിറ്റൈസേഷൻ പണ വിനിമയ നിരക്കിൽ വലിയ കുറവു വരുത്തിയെന്നും ഡിജിറ്റൽ പണമിടപാടുകൾക്ക് സഹായിച്ചുവെന്നും ധനമന്ത്രി. ചരക്ക് സേവന നികുതി രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകർന്നെന്നും ധനമന്ത്രി.

11.03 am: സ്പീക്കർ സുമിത്ര മഹാജൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു.

11.00 am: പാർലമെന്റിൽ സഭാ നടപടികൾക്ക് തുടക്കം. സ്പീക്കർ സുമിത്ര മഹാജൻ സംസാരിക്കുന്നു.

10.50 am: പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാം വിലാസ് പാസ്വാൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം.

10.24 am: ബജറ്റിന് മുന്നോടിയായുളള കേന്ദ്ര മന്ത്രിസഭയോഗത്തിന് തുടക്കം. പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ട് മുൻപായാണ് മന്ത്രിസഭ യോഗം ചേർന്നത്.

10.16 am: കേന്ദ്ര ബജറ്റിന് മുൻപ് അരുൺ ജെയ്റ്റ്‌ലിക്കും എൻഡിഎ സർക്കാരിനും എതിരെ സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. “ഈ സർക്കാരിന് കീഴിൽ തൊഴിലില്ലായ്മ ഉയർന്നു എന്നതിനെ ഒരു വ്യാജ വാഗ്ദാനത്തിനും തള്ളക്കളയാനാകില്ല”, ട്വീറ്റിൽ പറയുന്നു.

9.55 am: അരുൺ ജെയ്‌റ്റ്‌ലി പാർലമെന്റിലെത്തി.

9.50 am: അരുൺ ജെയ്‌റ്റ്‌ലി പാർലമെന്റിലേക്ക്.

9.42 am: രാഷ്ട്രപതി ഭവനിൽ ധനമന്ത്രിക്കും സംഘത്തിനും രാഷ്ട്രപതിയുടെ ഊഷ്‌മള സ്വീകരണം.

9.20 am: ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രാഷ്ട്രപതി ഭവനിലേക്ക്. ബജറ്റ് അവതരണത്തിന് മുൻപ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ