ശ്രീനഗർ: ജമ്മു കശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഭീകരൻ കൊല്ലപ്പെട്ടു. ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് നവീദ് ജാട് എന്ന ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ജൂണിലാണ് ലാൽ ചൗക്കിലെ ഓഫിസിനു സമീപത്തുവച്ച് റൈസിങ് കശ്മീർ പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊന്നത്. സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ കശ്മീരി സ്വദേശികളാണെന്നും മൂന്നാമത്തെയാൾ പാക്കിസ്ഥാനി ആണെന്നുമാണ് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കിയത്. ആക്രമണത്തിൽ ബുഖാരിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
ബുദ്ഗാമിലെ ചാറ്റർഗാം വില്ലേജിൽ ഇന്നു പുലർച്ചെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഗ്രാമത്തിലെ വീട്ടിൽ ഭീകരരർ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചും വെടിവച്ചു. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
ഇന്നലെ ട്രാലിലും കുൽഗാം ജില്ലയിലും ഉണ്ടായ രണ്ടു ഏറ്റുമുട്ടലുകളിലായി മൂന്നു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.