ഗോണ്ട: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ആവശ്യം ശക്തമാകുന്നതിനിടെ, മറ്റൊരു ആവശ്യവുമായി ബിജെപി എംപി. രാമക്ഷേത്രം മാത്രമല്ല, അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് ബറൈച് എംപിയായ സാവിത്രിബായ് ഫുലെയാണ്.

‘അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ ബുദ്ധന്റെ പ്രതിമയും സ്ഥാപിക്കണ’മെന്ന് സാവിത്രിബായ് ഫുലെ പറഞ്ഞു.

‘ബുദ്ധന്‍ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. അതിനാല്‍ ബുദ്ധന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണം,’ഫുലെ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന ബിജെപി രാജ്യസഭാംഗം രാകേഷ് സിന്‍ഹയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യ മതേതര രാജ്യമാണെന്നും ഭരണഘടനയനുസരിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും ഭരണഘടനയനുസരിച്ചാണ് ഭരണകൂടം പ്രവര്‍ത്തിക്കേണ്ടതെന്നും സാവിത്രിബായ് ഫുലെ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ