scorecardresearch

വിദ്യാർത്ഥികൾക്ക് എൻജിനീയറിങ് വേണ്ട; രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്നത് 51.5 ശതമാനം സീറ്റ്

കേരളത്തിൽ മൂന്ന് കോളേജുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കേരളത്തിൽ മൂന്ന് കോളേജുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിദ്യാർത്ഥികൾക്ക് എൻജിനീയറിങ് വേണ്ട; രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്നത് 51.5 ശതമാനം സീറ്റ്

ന്യൂഡൽഹി: രാജ്യത്തെ 3291 എൻജിനീയറിങ് കോളേജുകളിലായി 51.5 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ കണക്കിലാണ് എഐസിടിഇ ഇക്കാര്യം വെളിപ്പെടുത്തിയത്. 15.5 ലക്ഷം സീറ്റുകളുള്ളതിൽ 8 ലക്ഷത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 7.5 ലക്ഷത്തോളം വിദ്യാർത്ഥികൾ മാത്രമാണ് 2016-17 അക്കാദമിക് വർഷത്തിൽ എൻജിനീയറിങ് കോഴ്‌സിന് അഡ്‌മിഷൻ നേടിയത്.

Advertisment

publive-image

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ ശാഖയിൽ 70 ശതമാനത്തോളം വരുന്ന എൻജിനീയറിങ് ശാഖയാണ് ഇത്തരത്തിൽ അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുന്നത്. 2015-16 വർഷത്തിൽ എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഇവരിൽ 3.2 ലക്ഷം പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ആകെ വിദ്യാർത്ഥികളിൽ 60 ശതമാനം പേരും തൊഴിൽ ലഭിക്കാതെ അലയുകയാണ്.

എഐസിടിഇ രേഖകൾ പ്രകാരം രാജ്യത്ത് എൻജിനീയറിങ് വിദ്യാർത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് കഴിഞ്ഞ അഞ്ചുവർഷമായി 50 ശതമാനത്തിൽ താഴെയാണ്. 70 ശതമാനത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന കോളേജുകളോട് പ്രവർത്തനം അവസാനിപ്പിക്കാൻ എഐസിടിഇ ആവശ്യപ്പെട്ടിരുന്നു.

Advertisment

കഴിഞ്ഞ കുറേ വർഷങ്ങളായി 25 ശതമാനത്തിനും 50 ശതമാനത്തിനുമിടിയൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് കേരളത്തിലെ നിരവധി എൻജിനീയറിങ് കോളജുകളിൽ. കേരളത്തേക്കാൾ ദുരവസ്ഥയാണ് മറ്റ് പല സംസ്ഥാനങ്ങളിലും. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന എണ്ണത്തിൽ ഇന്ത്യയിൽ ആദ്യ പത്തിൽ ഒമ്പതാം സ്ഥാനത്താണ് കേരളം. കേരളത്തിന്രെ പിന്നിലുളള കർണ്ണാടകത്തിൽ ഒഴിഞ്ഞു കിടക്കുന്നത് 26 ശതമാനം സീറ്റുകൾ മാത്രമാണ്. കേരളത്തിൽ അതിന്രെ ഏകദേശം ഇരട്ടിയാണ് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ. 42 ശതമാനം സീറ്റുകളാണ് കേരളത്തിൽ​ ഒഴിഞ്ഞുകിടക്കുന്നത്. കേരളത്തിൽ മൊത്തം എൻജിനീയറിങ് സീറ്റുകളുടെ എണ്ണം 62,458 സീറ്റുകളാണ്. ഇതിൽ 26,232 സീറ്റുകളിൽ വിദ്യാർത്ഥികൾ ചേർന്നിട്ടില്ല എന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.

സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കോളജുകളിൽ കേരളത്തിന് മുന്നിലുളള സംസ്ഥാനങ്ങൾ ഇവയാണ്. ഒന്നാം സ്ഥാനത്ത് 74 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ഹരിയാനയാണ്. ഇവിടെ ആകെ സീറ്റ് 58,551 എണ്ണമാണ്. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ് 65 ശതമാനം. മധ്യപ്രദേശ് 58 ശതമാനം ആന്ധ്രപ്രദേശ് 49 ശതമാനം, തമിഴ്‌നാട് 48 ശതമാനം, തെലുങ്കാന 47 ശതമാനം, ഗുജറാത്ത് 46 ശതമാനം, മഹാരാഷ്ട്ര 44 ശതമാനം, കേരളം 42 ശതമാനം, കർണാടക 26 ശതമാനം എന്നിങ്ങനെയാണ് ആദ്യ പത്ത് സംസ്ഥാനങ്ങൾ.

publive-image

അതേസമയം 153 കോളേജുകൾ അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് എഐസിടിഇ. കേരളത്തിലെ മൂന്ന് കോളേജുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോളേജുകൾ അടച്ചുപൂട്ടുക. 26 എണ്ണം. അഞ്ച് വർഷത്തിനിടെ 128 കോളേജുകൾ അടച്ചുപൂട്ടിയപ്പോൾ 276 എണ്ണം പുതുതായി ആരംഭിച്ചു. 2016-17 ൽ 49 കോളേജുകളാണ് അടച്ചുപൂട്ടിയത്. എന്നാൽ 30 കോളേജുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

വിജനമായ ക്യാംപസും ഏതൊരു പുതു അഭിരുചിക്കാണ് വഴി മാറുന്നത്?

രാജ്യത്തെ 3291 കോളേജുകളിലായി 15.51 ലക്ഷം സീറ്റുകളാണ് ആകെ ഉള്ളത്. 2016 -17 കാലഘട്ടത്തിൽ അവിശ്വസനീയമാം വിധം ഇതിൽ 51 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ നിൽ നിന്നും ലഭിച്ച കണക്കു പ്രകാരം കഴിഞ്ഞ വർഷം ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചവർ വെറും നാല്പതു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിൽ എഴുപതു ശതാനമോ അതിലധികമോ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ പൂട്ടാനുള്ള ഉത്തരവ് നൽകാൻ ആലോചിക്കുകയാണ് എഐസിടിഇ

വിദ്യാഭ്യാസ രംഗത്ത് വേരുറച്ച ദുഷ്പ്രവണതകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനം അക്ഷരാർത്ഥത്തിൽ കുത്തഴിഞ്ഞു പോയിരിക്കുന്നു. ക്രമമല്ലാതായി മാറിയ നടപടി ക്രമങ്ങൾ, ഈ രംഗത്ത് നിറഞ്ഞു നിൽക്കുന്ന അഴിമതി, തീരെ മോശമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക ലോകവുമായി ഒട്ടും ബന്ധിക്കപ്പെടാത്ത കോഴ്‌സുകൾ -ഇവയെല്ലാം വിദ്യാർത്ഥികളെ എൻജിനീയറിങ് കോളേജുകളിൽ നിന്നും അകന്നു പോകുവാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള എൻജിനീയറിങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഒരിടത്തും ജോലി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം പ്രാഗത്ഭ്യത്തോടെ ജോലി ചെയാനുള്ള അറിവോ, പ്രായോഗിക ജ്ഞാനമോ വിദ്യാർഥികൾക്കില്ല. എൻജിനീയറിങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എൺപതു ശതമാനം എൻജിനീയറിങ് ബിരുദ ധാരികളും ജോലി ചെയ്യാൻ അർഹരല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളടക്കം പത്തു സംസ്ഥാനങ്ങളാണ് രാജ്യത്തെ എൺപതു ശതമാനം എൻജിനീയറിങ് സീറ്റുകളിലും മേൽകൈ ഉള്ളത്. ഈ പത്തു സംസ്ഥാനങ്ങളിൽ തന്നെയാണ് ഇപ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും.

കോഴ്‌സുകളുടെ നിലവാരത്തിലുള്ള തകർച്ച തന്നെയാണ് എൻജിനീയറിങ് കോളേജുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാഹചര്യത്തിന് ഇടയാക്കിയിരിക്കുന്നതെന്നു ഐഐടി കാൺപൂരിലെ പ്രിൻസിപ്പൽ ആർ സി ഭാർഗവ പറയുന്നു."നിലവാരമില്ലാത്ത നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് എൻജിനീയറിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയില്ല ."-അദ്ദേഹം പറഞ്ഞു.

publive-image

ഏതാണ്ട് 370 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് എഐസിടിഇയുടെ കണക്കു പ്രകാരം അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഏറ്റവും കുറവ് വിദ്യാർത്ഥികൾ പ്രവേശനം നേടിയ കോളേജുകൾ ആണ് ഇത്. ഇവയിൽ 153 കോളേജുകൾ എൻജിനീയറിങ് കോളേജുകൾ ആണ്. കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങളിലായി 49 എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടിയിരുന്നു.

എൻജിനീയറിങ് കോഴ്സുകളിൽ ഇൻഫർമേഷൻ ടെക്നോളജി എന്ന വിഷയത്തിനാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ ഉള്ളത്. പല കോളേജുകളിലും ഈ ശാഖ നിർത്തലാക്കി. 2012 - 13 നും 2016 - 17 നും ഇടയിൽ 770 കോളേജുകളിലാണ് ഐടി ശാഖ നിർത്തലാക്കിയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നിവയാണ് പ്രിയം കുറഞ്ഞു പോയ മറ്റു കോഴ്‌സുകൾ.

publive-image

മാറിയ സാഹചര്യം കണക്കിലെടുത്തു പല കോളേജുകളും നിലനില്പിനായി ശ്രമിക്കുകയാണ്. ഫീസിൽ ഇളവുകൾ നൽകിയും, യോഗ്യതയിലാത്തവർക്കു പ്രവേശനം നൽകിയും, പ്രാഗൽഭ്യം കുറഞ്ഞ അധ്യാപകരെ ഫാക്കൽറ്റിയായി നിയമിച്ചും എൻജിനീയറിങ്ങിന്റെ മേന്മയിൽ വെള്ളം ചേർക്കാൻ ഇവർ ശ്രമിക്കുന്നു. മാത്രമല്ല പല എൻജിനീയറിങ് കോളേജുകളും സ്കൂളുകളായി മാറ്റപ്പെടുന്ന സാഹചര്യം ഉണ്ട്. ചിലർ വലിയ കോളേജുകളുടെ ഒരു ഭാഗം മറ്റു ആവശ്യക്കാർക്കായി വാടകക്ക് നൽകുന്നു. കേരളത്തിൽ പല എൻജിനീയറിങ് കോളജുകളും ആരംഭിച്ച ഉടമസ്ഥരിൽ നിന്നും കൈമാറി പുതിയ ഉടമസ്ഥരായി കഴിഞ്ഞു.

കേരളത്തിലാരംഭിച്ച സാങ്കേതിക സർവകലാശാലയും നിലവാരം തകർക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല എന്ന ആരോപണം ഈ​ മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ സുതാര്യത പോലും സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Engineering College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: