/indian-express-malayalam/media/media_files/uploads/2018/03/mayavatimayawati-7591-1.jpg)
ന്യൂഡൽഹി: മധ്യപ്രദേശിൽ ബിഎസ്‌പി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് മായാവതി. അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ജനങ്ങൾക്ക് ബിജെപിയോടുള്ള വിരോധമാണ്. ബിജെപിയുടെ ഭരണം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിജെപിയോടുള്ള വിരോധം മൂലമാണ് കോൺഗ്രസ് വിജയിച്ചതെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബിഎസ്‌പി കാഴ്ച വച്ചത്. ഛത്തീസ്‌ഗഡിൽ മാത്രമാണ് ബിഎസ്‌പി പിറകോട്ട് പോയതെന്നും മായാവതി പറഞ്ഞു. പല നയങ്ങളിലും കോൺഗ്രസുമായി ബിഎസ്‌പിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. വേണ്ടി വന്നാൽ രാജസ്ഥാനിലും സർക്കാരുണ്ടാക്കാനായി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും മായാവതി പറഞ്ഞു.
അതിനിടെ, മധ്യപ്രദേശ് സർക്കാർ രൂപീകരിക്കാൻ ഗവർണർ കോൺഗ്രസ്സിനെ ക്ഷണിച്ചു. ഇന്നലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കാണുന്നതിന് അനുവാദം തേടിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവരട്ടെ എന്ന നിലപാടിലായിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജി സമർപ്പിച്ചു.
മധ്യപ്രദേശിലെ ഔദ്യോഗിക ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് 109 സീറ്റും, ബിഎസ്‌പിക്ക് രണ്ട് സീറ്റും, മറ്റുള്ളവർക്ക് അഞ്ച് സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബിഎസ്‌പി കോൺഗ്രസിനെ പിന്തുണച്ചാൽ മാത്രമേ കേവല ഭൂരിക്ഷമായ 116 സീറ്റുകൾ നേടാനാകുകയുള്ളൂ.
എന്നാൽ 2019 പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഒപ്പം ബിഎസ്‌പി അണിനിരക്കുമോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മായാവതി പ്രതികരിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us