ലക്നൗ: ഉത്തര്‍പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എംഎല്‍എ അനില്‍ സിംഗിനെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പുറത്താക്കി. ബിജെപിക്കായി വോട്ട് ചെയ്തതിനാണ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തത്.

താന്‍ യോഗി ആദിത്യനാഥിന് ഒപ്പമാണെന്ന് വോട്ട് ചെയ്ത ശേഷം അനില്‍ സിംഗ് പറഞ്ഞു. രാജ്യസഭയില്‍ ഒരംഗത്തെ ലക്ഷ്യമിടുന്ന മായാവതിക്ക് വന്‍ തിരിച്ചടി ആയിരുന്നു ഈ നീക്കം. ബിജെപിയുടെ വിജയം അവരുടെ അഴിമതിയുടെ ഫലം കൊണ്ടാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. പേടിയുടെ അന്തരീക്ഷം സൃഷ്ടിച്ച് അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയാണ് ബിജെപി ചെയ്തതെന്നും മായാവതി ആരോപിച്ചു. എസ്പി- ബിഎസ്പി സഖ്യത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമമെന്നും എന്നാല്‍ ഇത് സാധ്യമാകാത്ത കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ക്രമക്കേട് നടത്തുന്നതില്‍ നിന്ന് ബിജെപി ഒരിക്കലും പിന്തിരിയില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ വേണ്ടതൊക്കെ അവര്‍ ചെയ്തിട്ടുണ്ട്. ബിഎസ്പിയും എസ്പിയും തമ്മിലുളള ബന്ധം തകര്‍ക്കാന്‍ വേണ്ട സംവിധാനങ്ങളൊക്കെ അവര്‍ ഉപയോഗിക്കുന്നുണ്ട്. അമിത് ഷായും നരേന്ദ്രമോദിയും അവരുടെ പാര്‍ട്ടിയുടെ വിജയത്തിനായി തെറ്റായ കാര്യങ്ങലാണ് ചെയ്യുന്നത്. ഇവിടെ വിജയിച്ച ബിജെപി ഗോരഖ്പൂരിലും ഫുല്‍പൂരിലും പറ്റിയ തോല്‍ലി മറക്കരുത്’, മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശ് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒമ്പത് സ്ഥാനാര്‍ത്ഥികളും വെളളിയാഴ്ച്ച വിജയിച്ചു. എസ്പിയുടെ ജയാ ബച്ചന്‍ വിജയിച്ചെങ്കിലും ബിഎസ്പിയുടെ ബിമാരോ അംബേദ്കര്‍ തോല്‍വി വഴങ്ങി. ബിജെപിയുടെ അനില്‍ കുമാറിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ