ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ബി എസ് പി – എസ് പി അന്തിമ ധാരണയായതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് പാര്‍ട്ടികള്‍ ഒന്നിക്കുന്നത്. ഇത് സംബന്ധിച്ച് അഖിലേഷ് യാദവും മായവതിയും ഇന്നു ലഖ്നൗവിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഇരു പാര്‍ട്ടികളും 37 സീറ്റില്‍ വീതവും ആര്‍എല്‍ഡി രണ്ടു സീറ്റിലും മത്സരിക്കും.
വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് ഇതോടെ അന്ത്യമാകുന്നത്. 2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒന്നിച്ച് നിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോൺഗ്രസിനെ ഒഴിവാക്കി മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.. 80 സീറ്റുകളുള്ള യുപിയില്‍ എസ് പിയും ബി എസ് പിയും 37 വീതം സീറ്റുകളില്‍ മത്സരിക്കും. അജിത് സിംഗിന്റെ ആര്‍എല്‍ഡിക്ക് കൈരാനയടക്കം 2 സീറ്റ് നല്‍കും. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ലെങ്കിലും അമേഠിയിലും റായ്ബറേലിയിലും ബി.എസ്.പിയും എസ്.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കാനും അപ്നാ ദളിന്റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയ്യാറായേക്കും. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.