ബെംഗളൂരു: ഈ വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞടുപ്പിനെ സഖ്യകക്ഷികളായി നേരിടാന്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും തമ്മില്‍ ധാരണ. 2019ലെ പൊതുതിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ധാരണയായിട്ടുണ്ട്. ബിഎസ്‌പിയുടെ സതീഷ്‌ ചന്ദ്ര മിശ്രയും ജനതാദളിന്‍റെ ഡാനിഷ് അലിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

വരുന്ന മേയിൽ ആണ് അധികാരത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്. എട്ട് സംവരണ മണ്ഡലങ്ങളിലും പന്ത്രണ്ട് ജനറല്‍ മണ്ഡലങ്ങളിലുമാകും ബിഎസ്‌പി മൽസരിക്കുക. 204 മണ്ഡലങ്ങളില്‍ ജെഡിയു സ്ഥാനാർത്ഥികളും മൽസരിക്കും. 224 സീറ്റുകള്‍ ഉള്ള കര്‍ണാടകത്തില്‍ സഖ്യത്തെ നയിക്കുക എച്ച്.ഡി.കുമാരസ്വാമിയാകും.

ഫെബ്രവരി 17ന് ബെംഗളൂരുവില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ നേതാക്കളായ എച്ച്.ഡി.ദേവ ഗൗഡയും മായാവതിയും ചേര്‍ന്ന് സംയുക്തമായാകും തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുക. ഈ സഖ്യത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കരുത്തുണ്ട് എന്നാണ് ഡാനിഷ് അലി വിവരിച്ചത്.

സംസ്ഥാനത്ത് ശക്തമായൊരു സാന്നിദ്ധ്യമായ ബിഎസ്‌പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് വഴി കോണ്‍ഗ്രസിനെയും ബിജെപിയേയും അധികാരത്തില്‍ നിന്നകറ്റാനാകും എന്നതാണ് ജനതാദളിന്‍റെ കണക്കുകൂട്ടാല്‍. ഇതോടെ സംസ്ഥാനത്തെ 22 ശതമാനത്തോളം വരുന്ന പട്ടിക ജാതി വോട്ടുകള്‍ സ്വന്തമാക്കാന്‍ സഖ്യത്തിനായേക്കും.

1999ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടാനും ബിഎസ്‌പിക്ക് കഴിഞ്ഞിരുന്നു. “തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളിലും നല്ലൊരു പ്രകടനം തന്നെയാണ് ബിഎസ്‌പി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്.” സതീഷ്‌ ചന്ദ്ര മിശ്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ