ന്യൂഡല്‍ഹി: നവവരന്മാരായ സൈനികര്‍ക്ക് ആശ്വാസമാവാന്‍ ബിഎസ്എഫിന്റെ പുതിയ പദ്ധതി. സൈനികര്‍ക്കായി രാജ്യത്തുടനീളം 190 ഗസ്റ്റ് ഹൗസുകള്‍ പണിയാനാണ് ബിഎസ്ഫ് തീരുമാനിച്ചത്. രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറ് അതിര്‍ത്തികളെ കണക്കിലെടുത്ത് ഇത്തരത്തില്‍ 2,800 മുറികള്‍ നിര്‍മ്മിക്കാനാണ് കണക്കുകൂട്ടുന്നത്. ബിഎസ്എഫിന്റെ 186 ബറ്റാലിയനോട് ചേര്‍ന്ന് 15 സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റ് രീതിയിലുളള സംവിധാനം ഒരുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് 192 സ്ഥലങ്ങളിലായി ഇത്തരത്തിലുളള സംവിധാനം ഒരുക്കി സൈനികര്‍ക്ക് കുടുംബത്തോടൊപ്പമുളള സമയം ചെലവഴിക്കാനുളള സാഹചര്യം ഒരുക്കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ പറഞ്ഞു. കുടുംബത്തെ വിട്ട് നില്‍ക്കുന്നത് ഏറ്റവും കൂടുതല്‍ മാനസികമായി ബാധിക്കുന്നത് പുതുതായി വിവാഹം ചെയ്ത സൈനികരെയാണെന്നും ഇവര്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് പുതിയ പദ്ധതിയെന്നും ശര്‍മ്മ വ്യക്തമാക്കി.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും, സബ് ഓഫീസര്‍മാര്‍ക്കും ഈ സംവിധാനം ലഭ്യമാകുമെങ്കിലും കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുളളവരെ പരിഗണിക്കില്ല.
എന്നാല്‍ അവധി ആഘോഷിക്കുന്ന സൈനികര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. കിടപ്പുമുറി, അടുക്കള, കുളിമുറി, ടിവി എന്നിവ ഗസ്റ്റ്ഹൗസിലുണ്ടാകും. ഒരു നിശ്ചിത കാലയളവിലേക്കാണ് പുതുതായി വിഹാഹം ചെയ്ത സൈനികന് ഭാര്യയോടൊപ്പം കഴിയാന്‍ അനുമതി നല്‍കുക. സൈനികരുടെ മാനസിക സമ്മര്‍ദ്ദം കുറച്ച് അവരെ പ്രചോദിപ്പിക്കാനാണ് നടപടിയെന്ന് ശര്‍മ്മ പറഞ്ഞു.