ന്യൂഡെല്‍ഹി: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച പുതിയ 2000 രൂപയുടെ വ്യാജനോട്ടുകള്‍ സൈന്യം പിടിച്ചെടുത്തു. ഷെരീഫ് ഷാ എന്ന 32കാരനാണ് ബിഎസ്എഫ് നടത്തിയ പരിശോധനയ്ക്കിടെ പിടിയിലായത്. 96,000 രൂപയുടെ വ്യാജനോട്ടുകളുമായി പിടിയിലായ ഇയാള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞയാഴ്ച്ച ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഒരാളെ വ്യാജനോട്ടുകളുമായി പിടികൂടിയിരുന്നു. 20,000 രൂപയുടെ 40 നോട്ടുകളാണ് അയാളുടെ കൈവശം ഉണ്ടായിരുന്നത്. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളാണ് ഇതെന്ന് അന്ന് പിടിയിലായ ആള്‍ വെളിപ്പെടുത്തിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ബംഗ്ലാദേശ് അതിര്‍ത്തി വഴി പണം കടത്തുന്നതെന്നാണ് വിവരം.
പാകിസ്ഥാനിലെ പ്രധാനപ്പെട്ട രണ്ട് വ്യാജനോട്ട് അച്ചടി കേന്ദ്രങ്ങള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പൂട്ടേണ്ടി വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജനോട്ട് അച്ചടി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.