ന്യൂഡൽഹി: സൈനികരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് അറസ്റ്റിലായെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. ജനുവരി 31നു ഭർത്താവ് വീട്ടിലേക്കു വരേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം വന്നില്ല. താൻ അറസ്റ്റിലായെന്നും കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടുന്നതായി മറ്റാരുടെയോ ഫോണിൽനിന്നും വിളിച്ച് ഭർത്താവ് തന്നെ അറിയിച്ചതായും ഭാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സൈന്യത്തിൽനിന്നും സ്വയം വിരമിക്കാൻ അദ്ദേഹം അപേക്ഷ നൽകി. എന്നാൽ ഒരു മണിക്കൂറുള്ളിൽതന്നെ അപേക്ഷ തള്ളപ്പെടുകയും പിന്നാലെ അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തതായി ഭാര്യ പറഞ്ഞു. സൈനികരുടെ ദുരിതങ്ങളടങ്ങിയ വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തേജ് ബഹാദൂർ അറസ്റ്റിലായതെന്നും ഭാര്യ ആരോപിച്ചു.

അതേസമയം, തേജ് ബഹാദൂറിന്റെ ഭാര്യയുടെ ആരോപണങ്ങൾ ബിഎസ്എഫ് നിഷേധിച്ചു. തേജ് ബഹാദൂറിനെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി. അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ നടപടി ഇതുവരെ എടുത്തിട്ടില്ലെന്നും ബിഎസ്എഫ് വൃത്തങ്ങൾ എഎൻഐയോട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ