ശ്രീനഗർ: ജമ്മു കശ്മീരിലെ ആർഎസ് പുരയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് സീതാറാം ഉപാധ്യായ് എന്ന ജവാന് കൊല്ലപ്പെട്ടത്. ബുധനാഴ്ച മുതല്‍ തുടരുന്ന ആക്രമണം ഇന്നലെ രാവിലെ നിര്‍ത്തി വച്ചിരുന്നെങ്കിലും രാത്രിയോടെ ശക്തമാവുകയായിരുന്നു.
ആക്രമണം ശക്തമായതോടെ അതിർത്തിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. എത്ര ദിവസത്തേക്കാണ് സ്കൂൾ അടച്ചതെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയിൽ പാക് സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് പരുക്കേറ്റിരുന്നു. ഇതോടെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ആർഎസ് പുരയിൽ പാക് സൈന്യം രൂക്ഷമായ ഷെൽ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപാർപ്പിക്കേണ്ടിവന്നിരുന്നു. ഇതിനു ശേഷം വീണ്ടും മേഖലയിൽ പാക് സൈന്യം ആക്രമണം ആരംഭിച്ചിരിക്കുകയാണ്.