ഛണ്ഡീഗഡ്: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായകമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് റിയാസുദ്ദീന്‍ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് അറസ്റ്റിലായത്.

പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് (ഐഎസ്എ) രാജ്യത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് റിയാസുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്.

അതിര്‍ത്തി രേഖ സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, അതിര്‍ത്തിയിലെ റോഡുകള്‍ സംബന്ധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും, ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ നമ്പറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് റിയാസുദ്ദീന്‍ കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിം കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

ബിഎസ്എഫില്‍ ഓപ്പറേറ്ററായിരുന്ന റിയാസുദ്ദീന്‍ വിവര കൈമാറ്റത്തിന് ഫെയ്സ്ബുക്ക്, മെസെഞ്ചര്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിയാസുദ്ദീനെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ