ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവയ്പ് നടന്നത്. ഇന്നു രാവിലെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവയ്പുണ്ടായത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ബജീന്ദര്‍ ബഹുദൂര്‍ എന്ന ജവാനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണത്തിനു കീഴടങ്ങുകയായിരുന്നു.

ബിഎസ്എഫ് ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ഇരുഭാഗത്തുനിന്നുമുള്ള വെടിവയ്പുകൾ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതേതുടര്‍ന്ന് ബിഎസ്എഫ് അതിശക്തമായി തിരിച്ചടി ആരംഭിച്ചു.

ഇരുഭാഗത്തുനിന്നും വെടിവയ്പ് രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലായി. അതേസമയം അടിയന്തര സാഹചര്യം നേരിടുന്നതിനായി അധികൃതര്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ