ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തി സംഘർഷഭരിതമാണെന്ന് ബിഎസ്‌എഫ് മേധാവി കെ.കെ.ശർമ്മ. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടി ഉണ്ടായാൽ മുഴുവൻ ശക്തി ഉപയോഗിച്ച് തിരിച്ചടിക്കാനും പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ സേനയ്ക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. നേരത്തെ നിയന്ത്രണരേഖയിൽ മാത്രമായിരുന്നു പാക്കിസ്ഥാൻ വെടിവയ്പ്. ഇപ്പോൾ രാജ്യാന്തര അതിർത്തിയിലും വെടിവയ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക് വെടിവയ്പിൽ കൊല്ലപ്പെട്ട ബിഎസ്‌എഫ് കോൺസ്റ്റബിൾ എ.സുരേഷിന് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു. സുരേഷിന്റെ ത്യാഗം പാഴായിപ്പോകില്ലെന്നും കെ.കെ.ശർമ്മ പറഞ്ഞു.

ഇന്ത്യയ്ക്കുനേരെ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടി വയ്ക്കുന്നത് ഇതാദ്യമല്ല. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ രീതിയിൽ തിരിച്ചടി നൽകുന്നുണ്ട്. ഇന്ത്യൻ ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെടുകയും അവരുടെ ഭാഗത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ബിഎസ്‌എഫ് ഒരിക്കലും വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ല. പാക്കിസ്ഥാൻ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് തിരിച്ചടിയാണ് നൽകുന്നത്. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു യുദ്ധം ഉണ്ടാകാൻ രാജ്യം ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിർത്തിയിൽ നുഴഞ്ഞുകയറ്റമോ അല്ലെങ്കിൽ വെടിനിർത്തൽ കരാർ ലംഘനമോ തുടങ്ങി ഏതു സാഹചര്യം ഉണ്ടായാലും നേരിടാൻ സേന സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook