തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി കേരളം ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയ സംഭവമാണ് കർണാടകയിലെ മണ്ണിടൽ. അതിർത്തികളിൽ മണ്ണിട്ട് തടയുന്നത് ചരക്കുവാഹനങ്ങൾക്ക് വരാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ചിട്ട നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ കുറേ മണിക്കൂറുകളായി കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തോട് സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാകും പ്രതികരിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സദാനദഗൗഡയുമായി സംസാരിച്ചു, ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഡോക്‌ടറുടെ നിർദേശമുണ്ടെങ്കിൽ മദ്യം നൽകാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കാസർഗോഡ് ജില്ലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശുപത്രി കാര്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് കർണാടകയെയാണ്. ദെെനംദിന ഡയാലിസിസ് ചെയ്യേണ്ടവരടക്കമുള്ളവർ ജില്ലയിൽ കർണാടകയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. കണ്ണൂർ ജില്ലയിലെ സൗകര്യങ്ങൾ കാസർഗോഡ് ജില്ലയെ പൂർണമായി ഉൾക്കൊള്ളാൻ പര്യാപ്തമല്ല. സംസ്ഥാന അതിർത്തിയിൽ ദേശീയ പാതയടക്കമുള്ള റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട് മൂടിയതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം കർണാടക ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തതായും മണ്ണിട്ട് മൂടിയത് മാറ്റാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read Also: പാട്ടും പ്രണയ പരാഗപ്പകർച്ചയും

അതേസമയം, കേരളത്തിൽ ഇന്നുമാത്രം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുമാത്രം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് 148 പേരെ. സംസ്ഥാനത്ത് ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും ആണ്. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook