അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി; ഇന്ന് വിജയമുദ്രയോടെ മടക്കം

2018 മേയ് 20 നാണ് യെഡിയൂരപ്പ രാജിവച്ചത്. മേയ് 23 ന് കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു

BS Yeddyurappa Karnataka Crisis Kumaraswamy Resigns

ബെംഗളൂരു: ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഇന്ന് കര്‍ണാടക വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഇതിനു സമാനമായ സാഹചര്യമായിരുന്നു ഏതാണ്ട് ഒരു വര്‍ഷവും രണ്ട് മാസവും മുന്‍പ് വിധാന്‍ സൗധയില്‍ ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനു ശേഷം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍, കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ എടുത്തുചാടി സര്‍ക്കാര്‍ രൂപീകരിക്കാനും പറ്റാത്ത അവസ്ഥ. അന്ന് തുടങ്ങിയ രാഷ്ട്രീയ നാടകമാണ് കന്നഡ നാട്ടില്‍ ഇന്നും തുടരുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പിച്ചു. എന്നാല്‍, അപ്രതീക്ഷിതമായി കോണ്‍ഗ്രസും ജെഡിഎസും ‘കൈ’ കൊടുത്തു. സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു. തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. കന്നഡ നാട്ടില്‍ സിദ്ധരാമയ്യക്ക് ശേഷം ആര് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യം. സ്വതന്ത്രനുള്‍പ്പെടെ 105 എംഎല്‍എമാരുടെ പിന്തുണയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കുണ്ടായിരുന്നത്. 225 അംഗ നിയമസഭയില്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. കോണ്‍ഗ്രസും ജെഡിഎസും രാഷ്ട്രീയ വൈരം മറന്ന് ഒറ്റക്കെട്ടായി നിന്നതോടെ സഖ്യ സര്‍ക്കാരിന് സാധ്യതകള്‍ തെളിഞ്ഞു. സഖ്യത്തിന് 113 ല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചു. എന്നാല്‍, ഗവര്‍ണര്‍ വാജുഭായ് വാല ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. കോണ്‍ഗ്രസും ജെഡിഎസും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അപ്പോഴേക്കും ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Read Also: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീണു; കുമാരസ്വാമി രാജിവച്ചു

കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതി സുപ്രീം കോടതി അര്‍ധരാത്രിയിലും അടിയന്തര സ്വഭാവം കണക്കിലെടുത്ത് പരിഗണിച്ചു. അടിമുടി അനിശ്ചിതത്വമാണ് അന്ന് രാജ്യത്താകെ ഉണ്ടായത്. സുപ്രീം കോടതി കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചത് 15 ദിവസമായിരുന്നു. ഇത് കുതിരക്കച്ചവടത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ആരോപിച്ചു. പിന്നീട് ഗവര്‍ണര്‍ നല്‍കിയ 15 ദിവസം സുപ്രീം കോടതി രണ്ട് ദിവസമായി വെട്ടിക്കുറച്ചു. ഇതോടെ യെഡിയൂരപ്പയും ബിജെപിയും പ്രതിരോധത്തിലായി. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റില്ലെന്ന സാഹചര്യം വന്നു.

ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ, അധികാരമേറ്റ് 56–ാം മണിക്കൂറിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജി വയ്ക്കുന്നതായി നിയമസഭയിൽ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജി വച്ചതായി അറിയിച്ചത്. നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ നടത്തിയ വികാരനിർഭര പ്രസംഗത്തിനു ശേഷമാണു യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. മറുപക്ഷത്തെ ചിലരോടു സംസാരിച്ചിരുന്നുവെന്നും മനഃസാക്ഷി വോട്ട് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.കണ്ണീരോടെയായിരുന്നു അന്ന് യെഡിയൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചത്. ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.

അതിനു ശേഷം എച്ച്.ഡി.കുമാരസ്വാമി സർക്കാർ കർണാടകത്തിൽ അധികാരമേറ്റു. മേയ് 20 നാണ് യെഡിയൂരപ്പ രാജിവച്ചത്. മേയ് 23 ന് കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. കൃത്യം ഒരു വർഷത്തിനും രണ്ട് മാസത്തിനും ശേഷം വീണ്ടും വിധാൻ സൗധയിൽ ഒരു മുഖ്യമന്ത്രി കണ്ണീരണിഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് കുമാരസ്വാമി രാജി പ്രഖ്യാപിച്ചു. അപ്പോൾ മറുവശത്ത് ചിരിച്ചുകൊണ്ട് യെഡിയൂരപ്പ ഇരിക്കുന്നുണ്ടായിരുന്നു. വിജയമുദ്ര കാണിച്ചാണ് യെഡിയൂരപ്പ പുറത്തിറങ്ങിയത്. അക്ഷരാർഥത്തിൽ രാഷ്ട്രീയ നാടകത്തിന് താൽക്കാലികമായി ഒരു ക്ലെെമാക്സ് പിറന്നിരിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും യെഡിയൂരപ്പ എത്താനാണ് സാധ്യത. അടുത്ത ദിവസം തന്നെ യെഡിയൂരപ്പ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടുമെന്നാണ് റിപ്പോർട്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bs yeddyurappa will be next karnataka cm karnataka politics kumaraswamy resigns

Next Story
കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീണു; കുമാരസ്വാമി രാജിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express