ന്യൂഡൽഹി: ബിജെപിക്കുളള ഭൂരിപക്ഷം നാളെ തെളിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി സഭ ചേരാനുളള നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം അറയിച്ചു. അതേസമയം ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമപരമായി ഒന്നും കൈയ്യില്‍ ഇല്ലാത്തതിനാല്‍ ബിജെപി ഇനി പണവും മസിലും ഉപയോഗിച്ച് ഭൂരിപക്ഷം മോഷ്‌ടിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ബി.എസ്.യെഡിയൂരപ്പയെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് വിധേയനാകാൻ നിർദേശിച്ച സുപ്രീം കോടതി ഉത്തരവ് ചരിത്രപരമാണെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പ്രതികരിച്ചു. നിരവധി നിർണായക നിർദേശങ്ങളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പ്രോട്ടേം സ്‌പീക്കറുടെ കീഴിൽ വിശ്വാസ വോട്ടെടുപ്പ് തേടണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയോടുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന വിധിയാണിതെന്ന് കോൺഗ്രസ് നേതാവ് അശ്വനി കുമാർ പ്രതികരിച്ചു.

നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി ഉത്തരവിട്ടത്. വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പ്രോട്ടേം സ്‌പീക്കറുടെ തിരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നടത്തണം. സഭയിലെ മുതിർന്ന അംഗത്തെയാണ് ഇതിന് തിരഞ്ഞെടുക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ