രാഷ്ട്രീയ നാടകങ്ങള്‍ അതിന്‍റെ അങ്ങേയറ്റം തീവ്രതയില്‍ അരങ്ങേറിയ കര്‍ണ്ണാടകയില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച അവസാന നിമിഷം രാജിവെച്ച് കളമൊഴിഞ്ഞ് യെഡിയൂരപ്പ. ഏതു വിധേനയും ഭരണം പിടിച്ചടക്കുമെന്ന ഭാവത്തോടെ ഗവര്‍ണറുടെ സഹായത്തോടെ ബിജെപി കളം നിറഞ്ഞ് കളിച്ചെങ്കിലും സുപ്രിംകോടതിയുടെ ഉത്തരവാണ് നിര്‍ണായകമായത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അറിയിച്ചത് കൊണ്ടു തന്നെ കോണ്‍ഗ്രസ്സ്-ജെഡിഎസ്സ് പക്ഷത്തു നിന്നുളള എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാമെന്ന മോഹം പൊലിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പില്‍ വീഴുമെന്ന് കണ്ട യെഡിയൂരപ്പ നാടകീയമായി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.

രണ്ട് ദിവസം മുമ്പ് പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആവുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയുമായിരുന്നു. എന്നാല്‍ കര്‍ണാടകയെ ബിജെ പിയ്ക്ക് അടിയറവ് വെയ്ക്കില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്‌- ജെഡിഎസ് സഖ്യം ചേരുകയും ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിച്ചെടുക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ യെഡിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. സമാനമായ സംഭവങ്ങളാണ് 22 വര്‍ഷം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്നത്. ദേശീയ തലത്തില്‍ ഒറ്റകക്ഷി ആയി തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയും 13 ദിവസം ഭരണം നടത്തുകയും ചെയ്തതിരുന്നു.

ബാബ്റി മസ്ജിദിന്‍റെ തകര്‍ക്കലിനും, ഹവാല ഇടപാടിലുമെല്ലാം പെട്ട് കോണ്‍ഗ്രസ്‌ ഭരണകൂടം അലങ്കോലമായി, നാണം കെട്ടിരുന്ന സാഹചര്യത്തിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. ‘മാറ്റത്തിന്‍റെ വെളിച്ചം’ എന്ന ആഹ്യാനവുമായി വന്ന ബിജെ പി സര്‍ക്കാരായിരുന്നു അന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ആയത്. അതിനെത്തുടര്‍ന്ന് പ്രധാന മന്ത്രി പദത്തിലേക്ക് അടൽ ബിഹാരി വാജ്പേയിയെ പാര്‍ട്ടി വിളിക്കുകയും ചെയ്തു. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് നില കൊണ്ട പാര്‍ട്ടി എങ്കിലും കോണ്‍ഗ്രസിന്‍റെ പതനതെത്തുടര്‍ന്ന് ഭരണം അന്ന് കയ്യില്‍ കിട്ടുകയായിരുന്നു. 161 സീറ്റുകളുമായി അന്ന് ബിജെപി 140 സീറ്റുള കോണ്‍ഗ്രസ്സിനെ പിന്നിലാക്കുകയായിരുന്നു. ആരു ഭരിക്കണം എന്നുള്ള തീരുമാനം പ്രാദേശിക പാര്‍ട്ടികളുടെയും, ഇടതിന്‍റെയും കയ്യിലായിരുന്നു. കൂട്ടങ്ങള്‍ ചിതറിക്കിടന്നപ്പോള്‍ കളിക്കളം ഒരുങ്ങി.

ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയ്ക്ക് ബിജെപി അവകാശവാദം ഉന്നയിച്ചതോടെ സര്‍ക്കാര്‍ രൂപികരിക്കാന്‍ വാജ്പേയിയെ അന്നത്തെ പ്രസിഡന്റ്‌ ശങ്കർ ദയാൽ ശർമ്മ തീരുമാനിച്ചു. സത്യപ്രതിജ്ഞ നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ട് ആഴ്ച് സമയവും കൊടുത്തു. പ്രാദേശിക പാര്‍ട്ടികളെ തുന്നിച്ചേര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ 13 ദിവസത്തെ ഭരണത്തിന് ശേഷം മെയ്‌ 28നു വാജ്പേയി നാടകീയമായി രാജി പ്രഖ്യാപിച്ചു. വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ഒരുങ്ങിയെങ്കിലും കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിക്കാത്തതിനെത്തുടര്‍ന്ന് ഭരണം ജെഡിഎസ്സില്‍ എത്തി ചേരുകയായിരുന്നു. 46 സീറ്റുമായി വന്ന ജെഡിഎസ്, ബിജെപിയെ മാറ്റിനിര്‍ത്തി ഒടുവില്‍ മറ്റുള്ള പാര്‍ട്ടികളെക്കൊണ്ട് ഭൂരിപക്ഷം തികച്ച് ഭരണം ആരംഭിച്ചു.

കോണ്‍ഗ്രസിന്‍റെ വിപി സിങ്ങിനെയും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെയും പ്രധാനമന്ത്രി പദത്തിലേക്ക് ക്ഷണിച്ചെങ്കിലും അവരത് നിരസിച്ചു. ഒടുവില്‍ ജെഡിഎസ്സിന്‍റെ എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചു സര്‍ക്കാരിനെ താഴെയിട്ടു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീണ്ടും ഐ.കെ ഗുജ്റാള്‍ പ്രധാനമന്ത്രി ആയെങ്കിലും പാര്‍ട്ടിക്കകത്തെ ഭിന്നതകള്‍ മൂലം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും താഴെ വീഴുകയായിരുന്നു.

13 ദിവസത്തെ വാജ്‌പേയിസര്‍ക്കാരിന്‍റെ ഭരണം പല കാരണങ്ങള്‍ കൊണ്ടും പ്രധാനപ്പെട്ടതാണ്. ഒന്നാമതായി കോണ്‍ഗ്രസിന്‍റെ മുഖ്യധാര രാഷ്ട്രീയത്തില്‍ യാതൊരു വിധത്തിലും ഭാഗമല്ലാതിരുന്ന ആര്‍.എസ്.എസ് പശ്ചാത്തലത്തില്‍ നിന്ന് ആദ്യമായി പ്രധാന മന്ത്രി ഉണ്ടായി. അധാര്‍മ്മികമായി സര്‍ക്കാരിനെ പിടിച്ച് വലിച്ചിട്ടു എന്ന സഹതാപം സമൂഹത്തില്‍ പല വിഭാഗങ്ങളിലും ഉണ്ടായത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. വളരെ ചെറിയ ഭരണ കാലയളവെങ്കിലും സഖ്യശക്തികളുമായി ഐക്യപ്പെടുന്നതിന്‍റെ പ്രാധാന നയം മനസിലാക്കി. 1999 തിരഞ്ഞെടുപ്പിലെ വിജയത്തിന് അത് ഒരുപാട് സഹായിച്ചു.

മൂന്നാമതായി ഒരു നിലല്‍നില്പ്പുള്ള സര്‍കാരിനെ രൂപീകരിക്കുന്നതിനുള്ള പ്രസിഡന്റിന്റെ പ്രാമുഖ്യം തുറന്ന് കാണിച്ച് കൊടുത്തു. ശര്‍മ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിച്ചപ്പോള്‍ പിന്‍തലമുറക്കാരനായിരുന്ന കെ.ആര്‍ നാരായണന്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവിനെ വിളിച്ച് പിന്തുണയ്ക്കുന്നവരുടെ എം.പി മാരുടെ ഒപ്പ് വാങ്ങിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ , ഒത്തൊരുമയോടെ നിന്നാല്‍ എങ്ങനെ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാം എന്ന വലിയ പാഠം പഠിച്ചു. പക്ഷേ സുസ്ഥിരമായ ഭരണം കാഴ്ച വെച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തിയോടെ ബിജെ പി തിരിച്ച് വരും എന്നും മനസിലാക്കി. എന്തായാലും ഭരണം പിടിച്ചടക്കി അമിതാമായി ആഹ്ലാദിക്കുമ്പോള്‍ 90 കളിലേക്ക് ഇടയ്ക്കിടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ