ന്യൂഡല്‍ഹി: നിർമലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ചരിത്രം അറിയില്ലെങ്കില്‍ പഠിക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയിൽ, വിങ് കമാൻഡർ അഭിനന്ദന്റെ കുറിച്ച് സംസാരിച്ച ശേഷം മോദി പ്രസ്താവന നടത്തിയിരുന്നു.

അഭിനന്ദൻ തമിഴനാണ് എന്നതിൽ തമിഴ്നാട്ടുകാർക്ക് അഭിമാനിക്കാമെന്നായിരുന്നു പ്രസ്താവന. ഇതിന് ശേഷമാണ് ‘ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു’വെന്നും മോദി പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.

പൊളിറ്റിക്കല്‍ സയന്‍സ് ബിരുദത്തില്‍ ഈ ഭാഗം വിട്ടുപോയെങ്കില്‍ ചരിത്രം പഠിക്കണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഗുജറാത്ത് സര്‍വകലാശാല വി.സി എംഎന്‍ പട്ടേലാണ് മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതായി നേരത്തേ പറഞ്ഞിരുന്നു. 1983ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് മോദി പാസായതെന്നായിരുന്നു അവകാശവാദം. ഇതിനെ സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook