ഖണ്ഡീൽ ബലോച്ച് ദുരഭിമാനക്കൊല കേസില്‍ സഹോദരന് കുറ്റക്കാരനാണെന്ന് പാക് കോടതി. പാക്കിസ്ഥാനെ പിടിച്ചുലച്ചതായിരുന്നു ബലോച്ചിന്റെ കൊലപാതകം. നിയമമാറ്റങ്ങളിലേക്കു വരെ സംഭവം പാക്കിസ്ഥാനെ നയിക്കുകയുണ്ടായി. മുള്‍ട്ടാന്‍ കോടതിയാണ് സഹോദരന് മുഹമ്മദ് വസീം കുറ്റക്കാരനാണെന്ന് വിധിച്ചത്. വസീമിന് കോടതി ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.
അതേസമയം, അപ്പീലിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വസീമിന്റെ അഭിഭാഷകന് സര്‍ദാര്‍ മെഹ്മൂദ് പറഞ്ഞു. കേസില്‍ കുറ്റാരോപിതരായ ആറ് പേരെ കോടതി വെറുതെ വിട്ടു. ബലോച്ചിന്റെ രണ്ട് സഹോദരന്മാരേയും ബന്ധുവിനേയും അയല്‍വാസിയേയും ഡ്രൈവറേയും മതപണ്ഡിതനേയുമാണ് കോടതി വെറുതെ വിട്ടത്.
സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയും ഇടപെടലുമാണ് തന്നെ ബലോച്ചിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2016 ല്‍ വസീം സമ്മതിച്ചിരുന്നു. ബലോച്ചിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെതിരെ യഥാസ്ഥിതിക ചിന്താഗതിക്കാരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പാക്കിസ്ഥാനിലെ ആളുകളുടെ യാഥാസ്ഥിതിക ചിന്തകള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബലോച്ച് ചിത്രങ്ങളും വീഡിയോകളുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്.
പാക്കിസ്ഥാനിലെ കിം കഡാഷിയാന് എന്നായിരുന്നു ബലോച്ച് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നേടിയ പ്രശസ്തി വഴി മോഡലിങ്ങിലും ബലോച്ച് കഴിവ് തെളിയിച്ചിരുന്നു. ഹൗസിയ അസീം എന്നായിരുന്നു യഥാര്‍ത്ഥ പേര്. ബലോച്ചിന്റെ കൊലപാതകം പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു.