ന്യൂയോര്‍ക്ക്: ബ്രൂക്ലിനിലെ സബ്‌വേ സ്റ്റേഷനില്‍ വെടിവയ്പ്പ്. സൺസെറ്റ് പാർക്ക് പരിസരത്തുള്ള 36-ാമത്തെ സ്ട്രീറ്റ് സ്റ്റേഷനിൽ പുക പടരുന്നതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിച്ച അഗ്നിശമന സേനാംഗങ്ങളാണ് ഒന്നിലധികം പേര്‍ക്ക് വെടിയേറ്റതായും 13 പേര്‍ക്ക് പരിക്ക് പറ്റിയതായുമുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ചില ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിശ്വസനീയമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഗ്യാസ് മാസ്കും നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന വസ്ത്രവും ധരിച്ച ഒരാളാണ് ആക്രമണത്തിന് പിന്നില്‍. സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രത്തില്‍ ആളുകൾ സ്റ്റേഷന്റെ തറയിലായി രക്തം പുരണ്ട് കിടക്കുന്ന യാത്രക്കാരെ കാണാന്‍ സാധിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസിന്റെ ഓഫിസില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
പ്രാഥമിക അന്വേഷണത്തില്‍ ബ്രൂക്ക്ലിൻ സബ്‌വേയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് (എൻവൈപിഡി) ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡിന് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.