ശ്രീനഗർ: കേന്ദ്രഭരണ പ്രദേശത്ത് ബ്രോഡ്ബാൻഡ്, ഡാറ്റ സേവനങ്ങൾ ശനിയാഴ്ച മുതൽ പുനഃസ്ഥാപിക്കാൻ ജമ്മു കശ്മീർ ഭരണകൂടം ഉത്തരവിട്ടു. അതേസമയം ജനുവരി 31 വരെയെങ്കിലും സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ തുടരും എന്നാണ് വിവരം.

ആർട്ടിക്കിൾ 370 റദ്ദാക്കി ആറ് മാസത്തിന് ശേഷം കശ്മീരിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയാണ് ഇത്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ മുന്നോടിയായി 2019 ഓഗസ്റ്റ് നാലിനാണ് ഇവിടെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. അവശ്യ സേവനങ്ങളിലേക്കുള്ള ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ജനുവരി 15 ന് പുനഃസ്ഥാപിച്ചിരുന്നു. കൂടാതെ, വടക്കൻ കശ്മീർ ജില്ലകളായ കുപ്വാര, ബാരാമുള്ള എന്നിവിടങ്ങളിൽ നിയന്ത്രിത ഡാറ്റാ സേവനങ്ങളും പുനഃസ്ഥാപിച്ചിരുന്നു.

“ഇൻറർനെറ്റ് സേവനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്ന ഉത്തരവ് അനുവദനീയമല്ല” എന്നതിനാൽ “ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ച എല്ലാ ഉത്തരവുകളും ഉടൻ അവലോകനം ചെയ്യണമെന്ന്” ജനുവരി 10 ന് സുപ്രീം കോടതി ജമ്മു കശ്മീർ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ആർട്ടിക്കിൾ 19 (1) (a), ആർട്ടിക്കിൾ 19 (1) (g) എന്നിവ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യവും ഇൻറർനെറ്റ് മാധ്യമത്തിലൂടെ ഏതെങ്കിലും തൊഴിൽ, അല്ലെങ്കിൽ ഏതെങ്കിലും വ്യാപാരം, ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ എന്നിവ നടത്താനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നതായും സുപ്രീം കോടതി പറഞ്ഞിരുന്നു.

നെറ്റ്‌വർക്ക് സ്പീഡ് 2ജിയിലേക്ക് പരിമിതപ്പെടുത്തും. ജനുവരി 31ന് ശേഷം നിയന്ത്രണങ്ങൾ അവലോകനം നടത്തുകയും ചെയ്യും.

വൈറ്റ്ലിസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലേക്ക് അനുവദിക്കരുതെന്നും ജമ്മുകശ്മീർ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

പോസ്റ്റ്-പെയ്ഡ് കണക്ഷനുകൾക്ക് ബാധകമായ മാനദണ്ഡങ്ങൾക്കനുസൃതമായി വിവരങ്ങൾ നൽകിയിട്ടുള്ളവർക്ക് മാത്രം പോസ്റ്റ്-പെയ്ഡ് മൊബൈലുകളിലും പ്രീ-പെയ്ഡ് മൊബൈൽ സിം കാർഡുകളിലും ഡാറ്റാ സേവനങ്ങൾ ലഭ്യമാകുമെന്നും എന്നാൽ ഇത് 2ജി ആകുമെന്നും ഉത്തരവിൽ പറയുന്നു. ജനുവരി 31ന് ശേഷം നിയന്ത്രണങ്ങൾ അവലോകനം ചെയ്യും.

ഇതുവരെ, വൈറ്റ്‌ലിസ്റ്റിൽ ജിമെയിൽ, ഔട്ട്‌ലുക്ക് എന്നിങ്ങനെ നാല് ഇമെയിൽ സൈറ്റുകൾ അടങ്ങിയ 153 വെബ്‌സൈറ്റുകളും ആർ‌ബി‌ഐ, ജെ & കെ ബാങ്ക്, പേപാൽ, വെസ്റ്റേൺ യൂണിയൻ എന്നിവയുൾപ്പെടെ 15 ബാങ്കിംഗ് വെബ്‌സൈറ്റുകളും ഉണ്ടായിരുന്നു; മൂന്ന് എം‌പ്ലോയ്‌മെന്റ് വെബ്‌സൈറ്റുകൾ, ഇഗ്നോ, അഞ്ച് ജമ്മു കശ്മീർ സർവകലാശാലകൾ, മൂന്ന് സ്കൂളുകൾ, വിക്കിപീഡിയ എന്നിവ ഉൾപ്പെടെ 38 വിദ്യാഭ്യാസ വെബ്‌സൈറ്റുകളും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook