പനജി: ഗോവയിലെ പാലോലം ബീച്ചിന് സമീപം ബ്രിട്ടീഷ് വനിത ബലാത്സംഗം ചെയ്യപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനാകൊനാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ പാലോലം ബീച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വച്ചാണ് 48കാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടത്.

ഇവരുടെ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഗോവ ക്രൈംബ്രാഞ്ചും സഹകരിക്കുന്നുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

‘പരാതിക്കാരി തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്,’ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രഭുദേശായി പറഞ്ഞു. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഗോവയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സമയം ആരംഭിച്ചിട്ടുണ്ട്. പലരും മാര്‍ച്ചില്‍ സീസണ്‍ അവസാനിക്കുന്നത് വരെ ഇവിടെ താമസിക്കുന്നവരാണ്. ബലാത്സംഗത്തിനിരയായ സ്ത്രീ ഗോവയിലെ പതിവ് സന്ദര്‍ശകയാണെന്നും സൗത്ത് ഗോവയില്‍ സീസണ്‍ അവസാനിക്കുന്നതു വരെ താമസിക്കാനാണ് ഇവര്‍ എത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook