scorecardresearch
Latest News

കുഞ്ഞനുജന് ഷാർലറ്റ് രാജകുമാരിയുടെ സ്നേഹ ചുംബനം; ലൂയിസ് രാജകുമാരന്റെ ചിത്രം രാജകുടുംബം പുറത്തുവിട്ടു

ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്

കുഞ്ഞനുജന് ഷാർലറ്റ് രാജകുമാരിയുടെ സ്നേഹ ചുംബനം; ലൂയിസ് രാജകുമാരന്റെ ചിത്രം രാജകുടുംബം പുറത്തുവിട്ടു

ലണ്ടൻ: വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുഞ്ഞിന്റെ ചിത്രം ആദ്യമായി ബ്രിട്ടീഷ് രാജകുടുംബം പുറത്തുവിട്ടു. ലൂയിസ് രാജകുമാരന്റെ രണ്ടു ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

മൂന്നു വയസുകാരിയായ ഷാർലറ്റ് രാജകുമാരി കുഞ്ഞനുജനെ കൈയ്യിലേന്തി നെറുകയിൽ ഉമ്മ വയ്ക്കുന്നതാണ് ഒരു ചിത്രം. ഷാർലെറ്റ് രാജകുമാരി മൂന്നാം പിറന്നാൾ ആഘോഷിച്ച മെയ് 2 ന് പകർത്തിയതാണ് ഈ ചിത്രം. ഏപ്രിൽ 26ന് പകർത്തിയതാണ് മറ്റൊരു ചിത്രം.

മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാണ് ലൂയിസ് രാജകുമാരൻ. ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്. ലൂയിസ് രാജകുമാരൻ എന്നാണ് വിളിക്കപ്പെടുക.

പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ ഏപ്രിൽ 23 നാണ് കേറ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ഇതേ ആശുപത്രിയിലാണ് ആദ്യ രണ്ട് കുഞ്ഞുങ്ങളും ജനിച്ചത്. രാജദമ്പതികളുടെ രണ്ടാം കുഞ്ഞ് ഷാര്‍ലറ്റ് രാജകുമാരി നഴ്സറിയിലാണ്. മൂത്ത മകനായ ജോര്‍ജ് രാജകുമാരന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കൂളില്‍ ചേര്‍ന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: British royal family releases first official photographs of william kate son prince louis