ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തന്റെ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിനായിരിക്കും തെരേസ മെയ് രാജി വയ്ക്കുക. ബ്രെക്‌സിറ്റ് കരാര്‍ സമവായത്തിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മെയുടെ രാജി.

‘ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,’ തെരേസ മെയ് പറഞ്ഞു.

സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ആന്‍ഡ്രിയ ലീഡ്‌സം രാജി വച്ചിരുന്നു. ക്യാബിനറ്റിലുള്ള സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്‌സണ്‍ രാജിവെച്ചത്. എങ്ങിനെയാണ് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് രാജി.

ബ്രെക്‌സിറ്റ് കരാറിന്‍മേല്‍ മെയ് കൊണ്ടുവരുന്ന വിട്ടുവീഴ്ചകളോടും ഒത്തു തീര്‍പ്പുകളോടുമുള്ള വിയോജിപ്പായിരുന്നു ആന്‍ഡ്രിയ ലീഡ്‌സത്തിന്റെ രാജിക്ക് കാരണം. ജനങ്ങള്‍ ആഗ്രഹിച്ച കരാറല്ലെന്നാണ് കടുത്ത ബ്രെക്‌സിറ്റ് പക്ഷവാദിയായ ആന്‍ഡ്രിയ പറയുന്നത്.

യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഒപ്പുവെച്ച കരാര്‍ പാര്‍ലമെന്റില്‍ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മേയ് 24-ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടതായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെവന്നതോടെ ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂണിയന്‍ സമയപരിധി നീട്ടിനല്‍കിയിരുന്നു.

നേരത്തെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട മേയ്-യുടെ ബില്‍ ചര്‍ച്ചചെയ്യാന്‍ ട്രോയ് എം.പിമാര്‍ യോഗം ചേര്‍ന്നിരുന്നു. നാടകീയമായ പല സംഭവങ്ങള്‍ക്കുമൊടുവില്‍ ബ്രെക്സിറ്റ് ബില്‍ പിന്‍വലിക്കാനും രാജിവെച്ച് പുറത്തുപോകാനും അവര്‍ മെയ്-യോട് ആവശ്യപ്പെട്ടിരുന്നു.

ഡേവിഡ് കാമറോണിനു ശേഷം പ്രധാനമന്ത്രി ആകാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് തെരേസ. സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിച്ച് പരിചയമുള്ള തെരേസ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. മാര്‍ഗരറ്റ് താച്ചര്‍ 1990 ല്‍ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മെയ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook