ലണ്ടൻ: ബ്രെക്സിറ്റ് വിവാദത്തിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്ന് വന്ന വിമത നീക്കത്തെ തകർത്ത് തെരേസ മേ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തുടരും. തെരേസ മേയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരുവിഭാഗം കൺസർവേറ്റീവ് പാർട്ടി എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അവർ അതിജീവിച്ചു. അവിശ്വാസ പ്രമേയത്തിൽ 200 വോട്ടുകളാണ് തെരേസ മേ നേടിയത്.
117 എംപിമാർ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി. അവിശ്വാസപ്രമേയം മറികടക്കാന്‍ 158 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. നിലവിൽ അവിശ്വാസ പ്രമേയത്തെ മറികടന്നതിനാൽ അടുത്ത ഒരു ഒരു വർഷത്തേക്ക് തെരേസ മേ മറ്റൊരു അവിശ്വാസം നേരിടേണ്ടി വരില്ല. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തുടരുന്നിടത്തോളം കാലം പ്രധാനമന്ത്രിയായി തെരേസ മേ തുടരുമെന്നാണ് കരുതുന്നത്.
തെരേസ മേയുടെ സോഫ്റ്റ് ബ്രെക്സിറ്റ് പോളിസിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാർ അവിശ്വാസത്തിനു പാർട്ടി ചെയർമാൻ ഗ്രഹാം ബാർഡിക്ക് നോട്ടീസ് നൽകിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ കരാര്‍ ഉടമ്പടിയില്‍, വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധനയില്‍ അയവുവരുത്തുമെന്ന നിബന്ധനയെച്ചൊല്ലിയാണ് ഒരു വിഭാഗം കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.