വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രഹസ്യരേഖകളില്‍ ദുരൂഹത നിറയ്ക്കുന്ന ഫോണ്‍കോളിന്റെ വിവരങ്ങളും പുറത്ത്. കെന്നഡി കൊല്ലപ്പെടും മുമ്പ് ബ്രിട്ടീഷ് മാധ്യമമായ കേംബ്രിഡ്ജ് ന്യൂസിന് ‘ഒരു വലിയ വാര്‍ത്ത’ നിങ്ങള്‍ക്ക് കിട്ടുമെന്ന് പറഞ്ഞാണ് ഒരാള്‍ വിളിച്ചതെന്നാണ് രേഖകളില്‍ പറയുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട രഹസ്യരേഖകളിലാണ് ഇത് സംബന്ധിച്ച വിവരം ഉളളത്.
1963 നവംബര്‍ 26ന് എഫ്ബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവംബര്‍ 22ന് കെന്നഡി കൊല്ലപ്പെട്ട ദിവസം വന്ന ഫോണ്‍ കോളിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ടെക്സാസിലെ ഡളളാസില്‍ കെന്നഡി കൊല്ലപ്പെടുന്നതിന് 25 മിനുട്ട് മുമ്പാണ് കേംബ്രിഡ്ജ് ന്യൂസ് ഓഫീസിലേക്ക് ഫോണ്‍ കോള്‍ വന്നത്. ‘നിങ്ങള്‍ ലണ്ടനിലെ അമേരിക്കന്‍ എംബസിയിലേക്ക് വിളിക്കണമെന്നും ഒരു വലിയ വാര്‍ത്ത നിങ്ങള്‍ക്ക് കിട്ടും’ എന്ന് പറഞ്ഞ് മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഫോണ്‍ എടുത്ത റിപ്പോര്‍ട്ടര്‍ പറഞ്ഞത് സത്യമാണെന്നും ഇതുവരെയും ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്ത ആളാണ് റിപ്പോര്‍ട്ടറെന്നും രേഖകളില്‍ പറയുന്നു.
54 വര്‍ഷം നീണ്ട ദുരൂഹതയുടെ ചുരുള്‍ അഴിക്കുന്ന നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2,800 രേഖകളാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. അവശേഷിക്കുന്നവ പഠിക്കാന്‍ സര്‍ക്കാര്‍ 180ദിവസത്തെ സാവകാശവും അനുവദിച്ചു. ചില രേഖകള്‍ പുറത്തുപോകുന്നത് രാജ്യരക്ഷേയെയും വിദേശകാര്യ, നിയമ വിഭാഗത്തേയും ബാധിക്കുമെന്ന് ഭരണവിഭാഗം മുന്നറിയിപ്പ് നല്‍കി. തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട മെമ്മോറയില്‍ ട്രംപ് വ്യക്തമാക്കുന്നു.
സി.ഐ.എ, എഫ്.ബി.ഐ എന്നിവയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രേഖകള്‍ പൂര്‍ണ്ണമായും ട്രംപ് പുറത്തുവിട്ടതുമില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ചില രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ഫെഡറല്‍ ഏജന്‍സികള്‍ ട്രംപിനോട് നിര്‍ദേശിച്ചിരുന്നു.
1963 നവംബര്‍ 22ന് തുറന്ന കാറില്‍ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കവേയാണ് ജോണ്‍ എഫ്.കെന്നഡി വെടിയേറ്റു മരിച്ചത്. ലീ ഹാര്‍വെ ഓസ്‌വാര്‍ഡ് എന്ന ബുക്ക് സ്‌റ്റോള്‍ ജീവനക്കാരനായിരുന്നു സമീപത്തുള്ള കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് കെന്നഡിയെ ഉന്നംതെറ്റാതെ വെടിവച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലായ ലീയെ രണ്ടു ദിവസത്തിനു ശേഷം പോലീസ് കയ്യാമംവെച്ചു കൊണ്ടുപോകുമ്പോള്‍ നൈറ്റ് €ബ് ഉടമയായ ജാക്ക് റൂബി വെടിവച്ചുകൊല്ലുകയായിരുന്നു.
ലീ എന്തിനാണ് കെന്നഡിയെ വധിച്ചതെന്ന രഹസ്യം പുറത്തുകൊണ്ടുവരാന്‍ ഇതോടെ അന്വേഷണ സംഘത്തിന് കഴിയാതെ പോയി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ തടവില്‍ കിടന്ന് ജാക്ക് റൂബിയും മരണത്തിന് കീഴടങ്ങി. കെന്നഡിയെ വധിക്കുന്നതിനു രണ്ടു മാസം മുന്‍പ് ലീ ആറു ദിവസം മെക്‌സിക്കോ സിറ്റി സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ ക്യുബന്‍, സോവിയറ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നവരില്‍ ഏറെയും.