ലണ്ടന്‍: നാല് വര്‍ഷം മുമ്പ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വച്ചാണ് രണ്ട് ആഴ്ച മാത്രം പ്രായമുളള കുഞ്ഞ് മരിച്ചത്. ജറാഹ് എന്ന് പേരുളള ആണ്‍കുട്ടി ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്.
കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളളിയാഴ്ച അഭയാര്‍ത്ഥി ക്യാംപിനടുത്ത് തന്നെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. ഐഎസില്‍ ചേര്‍ന്നതിനുശേഷം തിരികെ ബ്രിട്ടനിലേക്ക് പോവാന്‍ ശ്രമിച്ച ഷമീമയുടെ പൗരത്വം ബ്രിട്ടീഷ് സര്‍ക്കാർ റദ്ദ് ചെയ്തിരുന്നു.
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തോടെ കുഞ്ഞിനേയും കൊണ്ട് സ്വന്തം രാജ്യത്തേക്ക് തിരികെ വരാന്‍ തയാറായ ഷമീമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പൗരത്വം റദ്ദാക്കുമെന്ന് ഷമീമയുടെ കുടുംബത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഷമീമ താമസിക്കുന്നത്. യുവതിക്ക് പൗരത്വം നഷ്ടപ്പെട്ടാലും കുഞ്ഞിന് നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്.