scorecardresearch
Latest News

വെടിയുണ്ടകള്‍ കൊണ്ട് നടത്തിയ കൂട്ടക്കൊലയ്ക്ക് ഹൃദയം കൊണ്ട് മാപ്പു പറഞ്ഞ് ബ്രിട്ടീഷുകാരന്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കഥ പറഞ്ഞ് ശശി തരൂര്‍ പോകാനൊരുങ്ങിയപ്പോഴാണ് ബ്രിട്ടീഷുകാരന്‍ ഒരു കുറിപ്പ് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തത്

shashi tharoor, rahul gandhi, rahul gandhi, tharoor on gandhi, rahul gandhi pm, 2019 lok sabha elections, mahagathbandhan, grand alliance

ന്യൂഡല്‍ഹി: വാക്കുകള്‍ കൊണ്ട് മാജിക് കാണിക്കുന്നയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ എന്നും ഇതിന് ഉദാഹരണമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ് ഒരല്‍പം വ്യത്യസ്തമാണ്. വായനക്കാരെ ഡിക്ഷണറി പരതാനായി ഓടിക്കുന്നതല്ല. ഓക്‌ലൻഡില്‍ നടക്കുന്ന എഴുത്തുകാരുടെ ഫെസ്റ്റിവലില്‍ നടന്ന ഹൃദയം തൊടുന്നൊരു സംഭവമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയില്‍ തിരഞ്ഞെടുത്ത എഴുത്തുകാരോട് യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് 7 മിനിറ്റ് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ സംസാരിച്ചത് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവ്‌ അവശേഷിപ്പിച്ച ബ്രിട്ടീഷ്‌ ഭരണത്തിന്റെ കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ കഥയാണ്. അദ്ദേഹം സംസാരിച്ച് കഴിഞ്ഞ് പുസ്തകത്തില്‍ ഒപ്പുവയ്‌ക്കുന്ന വേളയിലാണ് ഒരു ബ്രിട്ടീഷുകാരന്‍ തരൂരിന് ഒരു കുറിപ്പ് നല്‍കിയത്.

‘ഞാനൊരു ബ്രിട്ടന്‍ സ്വദേശിയാണ്, ഞാന്‍ ഖേദിക്കുന്നു’, എന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. തരൂര്‍ ഇത് ട്വീറ്റ് ചെയ്തതോടെ നിരവധി പേരാണ് തരൂര്‍ നടത്തിയ പ്രസംഗത്തേയും അതിന് മാപ്പ് പറയാന്‍ മനസ് കാണിച്ച ബ്രിട്ടീഷുകാരനേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ആരുടേയും ഹൃദയം തൊടുന്ന രീതിയില്‍ സംസാരിക്കാനുളള കഴിവ് ശശി തരൂരിന് ഉണ്ടെന്നും ട്വീറ്റുകള്‍ വന്നു.

1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാ ബാഗ് മൈതാനിയില്‍ നടന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ പൈശാചികമായ വെടിവയ്‌പില്‍ ആയിരങ്ങളാണ് മാതൃഭൂമിക്കുവേണ്ടി ജീവൻ വെടിഞ്ഞത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ഒരു നൂറ്റാണ്ട് തികയാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. സമാധാനപരമായി സമ്മേളിച്ച ജനത്തിനുനേരെ പ്രകോപനമില്ലാതെ പട്ടാളം വെടിയുതിര്‍ക്കുകയായിരുന്നു. ബ്രിഗേഡിയര്‍ ജനറല്‍ റജിനോള്‍ഡ് ഡയറിന്റെ മനുഷ്യത്വരഹിതമായ ആ നടപടി സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍പോലും സംഭവത്തെ മൃഗീയമെന്ന് അപലപിച്ചെങ്കിലും ജനറല്‍ ഡയര്‍ ഒട്ടും മനഃസാക്ഷിക്കുത്തില്ലാതെയാണ് മരണംവരെ ജീവിച്ചത്. പുറത്തേക്ക് കടക്കാന്‍ ഒരുവഴി മാത്രമുള്ള മൈതാനിക്കകത്ത് കുടുക്കിയിട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ ജനക്കൂട്ടത്തെ വെടിവച്ചത്. മരണപ്പാച്ചിലിനിടെ പലരും മൈതാനിക്കകത്തെ കിണറ്റില്‍ വീണു.

സ്വതന്ത്ര്യസമര നേതാക്കളായ ഡോ.സത്യപാല്‍, സെയ്ഫുദ്ദിന്‍ കിച്ച്‌ലു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 120 മൃതദേഹങ്ങളാണ് കിണറ്റില്‍നിന്ന് മാത്രം കണ്ടെടുത്തത്. റൗലറ്റ് ആക്ടിനെതിരേ സമരം നടത്തിയവരെ വെടിവച്ച പൊലീസ് നടപടിക്കെതിരേ പ്രതിഷേധിച്ച് പ്രാര്‍ഥനാ സംഗമത്തിന് ഒത്തുകൂടിയവരായിരുന്നു അവര്‍. ജനറല്‍ ഡയറിന്റെ ഇന്ത്യാവിരുദ്ധ മാനസികാവസ്ഥയുടെ ഉദാഹരണമായാണ് ചരിത്രം ഇതിനെ വിലയിരുത്തിയത്. സംഭവത്തില്‍ 379 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മരിച്ചവരുടെ ബന്ധുക്കള്‍ അന്വഷണ കമ്മിഷനു മുമ്പിലെത്തി വിവരം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ലഭിച്ച കണക്കാണിത്. നിയമനടപടികള്‍ ഭയന്ന് പലരും വിവരം നല്‍കാതിരുന്നതുകൊണ്ടാണ് ഔദ്യോഗിക രേഖകളില്‍ എണ്ണം ചെറുതായത്.

ആയിരത്തിലധികംപേര്‍ കൊല്ലപ്പെടുകയും അതിലേറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് പ്രദേശവാസികളുടെയും ഇന്നുമുള്ള വിശ്വാസം. പഞ്ചാബിലെ ലഫ്. ജനറലായിരുന്ന മൈക്കിള്‍ ഐ ഡയറാണ് യഥാര്‍ഥ കുറ്റവാളിയെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നെങ്കിലും ജനറല്‍ ഡയറാണ് കുറ്റവാളിയെന്ന നിലയില്‍ കുപ്രസിദ്ധനായത്.

മൃഗീയമായ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ ഉദ്ദം സിങ് എന്ന ചെറുപ്പക്കാരന്‍ പ്രതികാരംചെയ്ത സംഭവം കേണല്‍ ഡയറിന്റെ കൈകളിലെ ചോരക്കറയെ അടയാളപ്പെടുത്തുന്നു. ലണ്ടനിലെ ഒരു മീറ്റിങ്ങിനിടെ 1940 മാര്‍ച്ച് 13 നായിരുന്നു കേണല്‍ ഡയറിനെ ഉദ്ദം സിങ് വെടിവച്ചുകൊന്നത്. ജനറല്‍ ഡയര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 1927ലാണ് മരിച്ചത്. ഡയറിനെ കൊന്ന കുറ്റത്തിന് 1940 ജൂലൈ 31 ന് ഉദ്ദം സിങ് തൂക്കിലേറ്റപ്പെട്ടു. എന്നാല്‍, നാടിനു പ്രചോദനമാകാന്‍ തന്റെ ചിതാഭസ്മം സംസ്‌കരിക്കാതെ സൂക്ഷിച്ചുവയ്ക്കണമെന്ന് ആ ധീര ദേശാഭിമാനി ആവശ്യപ്പെട്ടിരുന്നു. സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ ജാലിയന്‍ വാലാബാഗ് മ്യൂസിയത്തില്‍ പോരാട്ടത്തിന്റെ ഇക്വിൻലാബ് മുഴക്കി ഉദ്ദം സിങ്ങിന്റെ അസ്ഥികള്‍ തലമുറകളെ ഇന്നും കാത്തിരിക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: British born man says i am sorry to shashi tharoor for jallianwala bagh massacre