ലണ്ടൻ: ബ്രിട്ടനിൽ ആദ്യമായി ഒരു പുരുഷൻ പ്രവസിച്ചു. 21 കാരനായ ഹെയ്ഡൻ ക്രോസാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. മകൾ ട്രിനിറ്റി ലെയ്ഗ് തന്റെ മാലാഖയാണെന്നാണ് ദ സൺ പത്രത്തിനോട് ക്രോസ് പറഞ്ഞത്. ഫെയ്സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തിയാണ് ക്രോസ് ഗർഭം ധരിച്ചത്.

കഴിഞ്ഞ മാസം 16 ന് ഗ്ലൗസെസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലിൽ വച്ചായിരുന്നു പ്രവസം. എന്നാൽ ക്രോസ് പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം കുടുംബാംഗങ്ങൾ ഇപ്പോഴാണ് സ്ഥിരീകരിച്ചത്. നിയമപരമായി ക്രോസ് പുരുഷനാണ്. എന്നാൽ പൂർണമായി പുരുഷനായി മാറിയിട്ടില്ല. പെണ്‍കുട്ടിയായി ജനിച്ച ക്രോസ് സ്വന്തം ഇഷ്ടപ്രകാരമാണ് പുരുഷനായി മാറാന്‍ തീരുമാനമെടുത്തത്. അതിനായി ഹോര്‍മോണ്‍ ചികിത്സകളും ആരംഭിച്ചു. എന്നാൽ പൂർണമായും പുരുഷനായി മാറുന്നതിന് മുൻപ് പ്രസവിക്കണമെന്ന് തോന്നി. തന്റെ അണ്ഡം സൂക്ഷിച്ച് വച്ച് ഭാവിയിൽ ഒരു വാടകഗര്‍ഭപാത്രം വഴി സ്വന്തം കുഞ്ഞിന് ജന്മം നൽകാമെന്നായിരുന്നു ക്രോസിന്റെ കണക്കുകൂട്ടൽ.

4000 പൗണ്ട് ചെലവ് വരുന്ന പ്രക്രിയയ്ക്ക് നാഷനൽ ഹെൽത്ത് സർവീസസ് അനുമതി നിഷേധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രക്രിയ നിര്‍വഹിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ക്രോസ് ഗര്‍ഭം ധരിച്ച്‌ പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ഫെയ്സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി ഗർഭം ധരിച്ചു. പ്രസവത്തിനു ശേഷം പൂർണമായും പുരുഷനാവാനുള്ള ശസ്ത്രക്രിയ കൂടി ചെയ്യാനാണ് ക്രോസിന്റെ തീരുമാനം. തനിക്ക് ഗര്‍ഭമുണ്ടെന്ന ക്രോസിന്റെ വെളിപ്പെടുത്തൽ രാജ്യത്താകമാനമുളളവരെയും ഞെട്ടിച്ചിരുന്നു. സെപ്റ്റംബറിലായിരുന്നു ക്രോസ് ഗര്‍ഭം ധരിച്ചിരുന്നത്. ഇയാള്‍ക്ക് ബീജം നല്‍കിയ ആളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ