ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജയെ പിന്തുണച്ച് ഭൃന്ദ കാരാട്ട്. വസുന്ധരയെ വ്യക്തിപരമായി അധിക്ഷേപിച്ച ജനതാദൾ യു നേതാവ് ശരദ് യാദവ് മാപ്പ് പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം ആവശ്യപ്പെട്ടു.

“ശരദ് യാദവിനെ പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. വസുന്ധര രാജ ഒരു രാഷ്ട്രീയ എതിരാളി മാത്രമല്ല, അവർ ഒരു സ്ത്രീ നേതാവും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. അവർക്കെതിരെ അത്തരത്തിൽ അധിക്ഷേപിക്കും വിധം ഒരു പരാമർശം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. അദ്ദേഹം ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം,” ഭൃന്ദ കാരാട്ട് ഡൽഹിയിൽ പറഞ്ഞു.

രാഷ്ട്രീയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും സ്ത്രീകൾക്കെതിരെ ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കാൻ സിപിഎമ്മിന് സാധിക്കില്ലെന്ന് അവർ പറഞ്ഞു.

“ഞങ്ങൾക്ക് വസുന്ധരയുടെ രാഷ്ട്രീയ നയങ്ങളുമായി കൃത്യമായ ഭിന്നതകളുണ്ട്. പക്ഷെ ഒരു സ്ത്രീക്കെതിരെയും ഇത്തരം പരാമർശങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല,” അവർ പറഞ്ഞു.

വസുന്ധര രാജ സിന്ധ്യയുടെ ശരീരം തടിയുളളതാണെന്നും അവർക്ക് വിശ്രമം നൽകേണ്ട സമയമായെന്നുമാണ് ശരദ് യാദവ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ പ്രസ്താവനയ്ക്ക് എതിരെ വസുന്ധര രാജ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉയർന്നതോടെ  തന്റെ പ്രസ്താവന ഒരു തമാശ മാത്രമായിരുന്നുവെന്നാണ് ശരദ് യാദവ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

താൻ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും വസുന്ധരയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ