ഗുസ്തി ഗോദയിലേതുപോലെ അതിനു പുറത്തും ബ്രിജ് ഭൂഷണ് ശരണ്‍ സിങ് അപൂര്‍വമായേ തോറ്റിട്ടുള്ളൂ. അതു ബി ജെ പിയുടെയോ സമാജ്വാദി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴും ഭാര്യയെ പകരക്കാരിയായി മത്സരിപ്പിച്ചപ്പോഴും. എന്നാല്‍, വനിതാ ഗുസ്തി താരങ്ങള്‍ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ത്തുകയും ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ)യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം വിജയപരമ്പരയ്ക്ക് അന്ത്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഗുസ്തി താരമെന്ന നിലയില്‍നിന്ന്, രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തുകയും ബാബറി മസ്ജിദ് തകര്‍ത്തതില്‍ കേസ് നേരിടുകയും ബ്രിജ് ഭൂഷണ് ശരണ്‍ സിങ എന്ന അറുപത്തിയാറുകാരന് ‘ദബാങ്’ നേതാവിന്റെ അല്ലെങ്കില്‍ ‘ശക്തിശാലി’ (ശക്തന്) പ്രതിച്ഛായ സ്വയം നിലനിര്‍ത്തി. ഉത്തര്‍പ്രദേശിലെ തന്റെ ജന്മനാടായ ഗോണ്ടയ്ക്കു ചുറ്റുമുള്ള അരഡസന്‍ ജില്ലകളിലെങ്കിലും അദ്ദേഹത്തെ ബി.ജെ.പിക്ക് ആവശ്യമുള്ളതു പോലെ ബി.ജെ.പിയെ അദ്ദേഹത്തിന് ആവശ്യമില്ല.
ഒരു തവണ എസ് പിയില്‍നിന്ന് ഉള്‍പ്പെടെ ആറു തവണ എം പിയായ സിങ് ഗോണ്ട, ബല്റാംപൂര് മണ്ഡലങ്ങളെയാണു നേരത്തെ പ്രതിനിധീകരിച്ചിരുന്നത്. തുടര്‍ന്നു കൈസര്ഗഞ്ചിലേക്കു മാറി. ഇദ്ദേദ്ദഹത്തിന്റെ മകന് പ്രതീക് ഭൂഷണ് ഗോണ്ട സദറില്‍നിന്ന് രണ്ടാം തവണ എം എല്‍ എയായി.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി ഉള്‍പ്പെടെ ബി ജെ പിയുമായി നിരവധി കലഹങ്ങളുണ്ടായിട്ടും ഡബ്ല്യു എഫ് ഐ പ്രസിഡന്റായും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്-ഏഷ്യ വൈസ് പ്രസിഡന്റായുമുള്ള അദ്ദേഹത്തിന്റെ 10 വര്‍ഷത്തെ ഭരണത്തിന് ഇളക്കം തട്ടിയില്ല.
എല്ലാ വര്‍ഷവും, ജന്മദിനമായ ജനുവരി എട്ടിന് അദ്ദേഹം നടത്തുന്ന ഗംഭീര ആഘോഷങ്ങളെക്കുറിച്ച് വാചാലരാണു പ്രാദേശിക നേതാക്കള്‍. ടാലന്റ് സെര്‍ച്ച് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍സൈക്കിളുകളും സ്കൂട്ടിയും പണവും ചടങ്ങില്‍ സമ്മാനമായി നല്കുന്നു. ഈ വര്‍ഷം, ഗോണ്ടയിലും സമീപ ജില്ലകളായ ലഖ്നൗ, അയോധ്യ, ബഹ്റൈച്ച്, ശ്രാവസ്തി, ബല്റാംപൂര്, ബരാബങ്കി എന്നിവിടങ്ങളിലും നടന്ന പരിപാടികളില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പങ്കെടുത്തിരുന്നു.
ബഹ്റൈച്ച്, ഗോണ്ട, ബല്റാംപൂര്, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി എന്‍ജിനീയറിങ്, ഫാര്‍മസി, വിദ്യാഭ്യാസം, നിയമം മേഖലകളില്‍ ഉള്‍പ്പെടെ അന്‍പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണു ബിജ് ഭൂഷണ് സിങ്ങിനുള്ളത്. ഈ സ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹത്തിന്റെ സജീവ പങ്ക് ബി ജെ പി നേതാക്കള്‍ പരാമര്‍ശിക്കുന്നു.
”അദ്ദേഹം തന്റെ സ്വാധീനത്തിലൂടെ ഈ ജില്ലകളില്‍ ഒരു സാമ്രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പണമടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ഫീസിളവ് നല്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് അദ്ദേഹത്തിന്റെ സ്വാധീനവും നല്ല മനസ്സും കാരണമാണ്,”ഗോണ്ടയിലെ ഒരു ബിജെപി നേതാവ് പറഞ്ഞു.
അതേസമയം, തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും അദ്ദേഹത്തിനു സംഘടനയിലും കേന്ദ്ര സര്‍ക്കാരിലും ഒരു സ്ഥാനവും നല്‍കാതെ പാര്‍ട്ടി അകലം പാലിച്ചതായി ബിജെപി നേതാക്കള്‍ പറയുന്നു.”സിങ് പാര്‍ട്ടിയുടെ ചിഹ്നം മാത്രമേ സ്വീകരിക്കുന്നൂള്ളൂ, തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒറ്റയ്ക്കു ജയിക്കുന്നു,” മറ്റൊരു നേതാവ് പറഞ്ഞു.
ഒക്ടോബറില്‍ യു പിയിലുണ്ടായ വെള്ളപ്പൊക്കം നേരിടുന്നതില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു. ഭരണകൂടം വേണ്ടത്ര സജ്ജമായില്ലെന്നും ദുരിതാശ്വാസത്തിന് ആവശ്യമായതു ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആളുകള്‍ ‘ഭഗവാന് ഭരോസെ (ദൈവത്തിന്റെ കാരുണ്യം)’ കാരമാണു അവശേഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ സഹിക്കുന്നില്ലെന്നും അതു വ്യക്തിപരമായി എടുത്തതായും സിങ് പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ചെങ്കിലും സിങ് ബി ജെ പിയില്‍നിന്ന് ഒരു ശാസന പോലും നേരിട്ടില്ല.
യു പി യിലെ ബിജെപിയുടെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായ എസ് പി നേതാവ് അസം ഖാനെ ‘ബഹുജന നേതാവ്’ എന്ന് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് പ്രശംസിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) തലവന്‍ രാജ് താക്കറെയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയില്‍ ഉത്തരേന്ത്യക്കാരെ ‘അപമാനിച്ച’തിനു പരസ്യമായി മാപ്പ് പറയുന്നതുവരെ അയോധ്യ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. മഹാരാഷ്ട്രയില്‍ രാഷ്ട്രീയപ്രതിസന്ധിയുടെ കാലത്ത് സഖ്യകക്ഷിയാകാന്‍ എം എന്‍ എസിനെ ബി ജെപി സമീപിച്ച ചരിത്രമുണ്ടായിരിക്കയൊയിരുന്നു ഈ സംഭവം.
സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധനേടാനുള്ള ശ്രമങ്ങള്‍ മാത്രമായി ബി ജെ പി സ്വകാര്യമായി തള്ളിയിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനവുമായുള്ള ബന്ധവും അയോധ്യയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ സ്വാധീനവുമാണു സിങ്ങിനെ ബി ജെ പിയുടെ ശ്രദ്ധയിലെത്തിച്ചത്. 1991-ല്‍ ഗോണ്ട ലോക്സഭാ സീറ്റില്‍നിന്നാണ് അദ്ദേഹത്തെ ബി ജെ പി ആദ്യമായി മത്സരിപ്പിച്ചത്. ആ പോരാട്ടത്തില്‍ വിജയിച്ച അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1996-ല്‍ അദ്ദേഹം മത്സരിക്കാതിരുന്നപ്പോള്‍ ഭാര്യ കേതകി ദേവി സിങ്ങിനു ബി ജെ പി ടിക്കറ്റ് നല്കി. അവരും വിജയിച്ചു.
ഗുസ്തി ടൂര്‍ണമെന്റുകള്‍, അത് ദേശീയമോ അന്തര്‍ദ്ദേശീയമോ സീനിയറോ ജൂനിയറോ ആകട്ടെ, അവിടെ കയ്യിലൊരു മൈക്രോഫോണുമായി സിങ്ങിനെ അവിടെ കാണാനാകും. മത്സരങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുക, പലപ്പോഴും റഫറിമാര്‍ക്ക് ഉച്ചത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുക, ചില സമയങ്ങളില്‍ വിധികര്‍ത്താക്കളെ നിയമം ഓര്‍മിപ്പിക്കുക എന്നിങ്ങനെ പല റോളുകളിലായിരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യം. ഗോദയില്‍ എത്തിച്ചേരാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ വിര്‍ച്വലായി അദ്ദേഹം നടപടികള്‍ നിരീക്ഷിക്കുന്നു.
സിങ് ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ ആരോപണങ്ങള്‍ എന്തായാലും, അതു മാറ്റമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.